ആങ്കേഴ്സിനെതിരായ വിജയം, ചരിത്രനേട്ടത്തിന് ഒരു പോയിന്റ് മാത്രമകലെ പിഎസ്ജി


ഫ്രഞ്ച് ലീഗിൽ ആങ്കേഴ്സിനെതിരെ ഇന്നലെ നടന്ന മതസരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയതോടെ ഫ്രഞ്ച് ലീഗ് കിരീടത്തിന് ഒരു പോയിന്റ് മാത്രം അകലെയാണ് പിഎസ്ജി. മാഴ്സ തോറ്റിരുന്നെങ്കിൽ ഇന്നലെ തന്നെ ലീഗ് കിരീടം ഉറപ്പിക്കാൻ പിഎസ്ജിക്ക് കഴിയുമായിരുന്നെങ്കിലും അവർ നാന്റസിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയതോടെയാണ് ലീഗ് കിരീടം നേടാൻ അടുത്ത മത്സരം വരെ പിഎസ്ജിക്ക് കാത്തിരിക്കേണ്ടി വന്നത്.
മെസിയുടെയും നെയ്മറുടെയും അഭാവത്തിൽ ആങ്കേഴ്സിനെതിരെ ഇറങ്ങിയ പിഎസ്ജി ആധികാരികമായ പ്രകടനം നടത്തിയാണ് ഇന്നലെത്തെ മത്സരത്തിൽ വിജയിച്ചത്. കിലിയൻ എംബാപ്പെ ഒരിക്കൽക്കൂടി ഗോൾ കണ്ടെത്തിയപ്പോൾ സെർജിയോ റാമോസ്, മാർക്വിന്യോസ് എന്നിവരും വല കുലുക്കി. ഈ സീസണിൽ നാലു ലീഗ് മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങിയ റാമോസ് നേടുന്ന രണ്ടാമത്തെ ഗോളായിരുന്നു ഇന്നലത്തേത്.
PSG are now just 1️⃣ point away from winning Ligue 1 ?? pic.twitter.com/WQjEk6Au5B
— 433 (@433) April 20, 2022
ലീഗിൽ 33 മത്സരങ്ങൾ പൂർത്തിയാക്കിയ പിഎസ്ജി 77 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അത്രയും മത്സരങ്ങളിൽ നിന്നും 62 പോയിന്റ് നേടിയ മാഴ്സ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.ഇനി ലീഗിൽ അഞ്ചു മത്സരങ്ങൾ ബാക്കി നിൽക്കെ അടുത്ത മത്സരത്തിൽ ഒരു സമനില മാത്രം മതി പിഎസ്ജിക്ക് കിരീടം സ്വന്തമാക്കാൻ. ഇനി അടുത്ത മത്സരത്തിൽ പിഎസ്ജി തോറ്റാലും മാഴ്സ സമനിലയെങ്കിലും വഴങ്ങിയാൽ പിഎസ്ജിക്ക് കിരീടം ഉറപ്പിക്കാൻ കഴിയും.
ക്ലബിന്റെ ചരിത്രത്തിലെ പത്താമത്തെ കിരീടത്തിലേക്കാണ് പിഎസ്ജി എടുത്തിരിക്കുന്നത്. കിരീടം നേടിയാൽ ഏറ്റവുമധികം ഫ്രഞ്ച് ലീഗ് കിരീടങ്ങളുള്ള ക്ലബുകളിൽ ഒന്നായി പിഎസ്ജി മാറും. 1981ൽ അവസാനമായി ഫ്രഞ്ച് ലീഗ് നേടിയ സെയിന്റ് ഏറ്റിയെന്നെ മാത്രമാണ് നിലവിൽ പത്ത് ഫ്രഞ്ച് ലീഗ് കിരീടങ്ങൾ സ്വന്തമായുള്ള ഒരേയൊരു ടീം. ഇത്തവണ കിരീടം നേടുന്നതോടെ ഈ റെക്കോർഡിനൊപ്പമെത്താൻ പിഎസ്ജിക്ക് കഴിയും.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ എട്ടാമത്തെ ലീഗ് കിരീടത്തോടാണ് പിഎസ്ജി അടുത്തിരിക്കുന്നത്. ഇതിനിടയിൽ മൊണാക്കോ, ലില്ലെ എന്നീ ടീമുകൾ മാത്രമാണ് പിഎസ്ജിയെ മറികടന്ന് ലീഗ് നേടിയിരിക്കുന്നത്. ലീഗിൽ അപ്രമാദിത്വം കാണിക്കുന്നുണ്ടെങ്കിലും പ്രധാന ലക്ഷ്യമായ ചാമ്പ്യൻസ് ലീഗ് കിരീടം ഇപ്പോഴും പിഎസ്ജിക്ക് നേടാൻ കഴിഞ്ഞിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.