Lionel Messi

ലയണൽ മെസിക്ക് കരാർ നീട്ടാനുള്ള ഓഫർ നൽകി പിഎസ്‌ജി

Sreejith N
PSG Offers Messi To Extend His Contract
PSG Offers Messi To Extend His Contract / Tim Clayton - Corbis/GettyImages
facebooktwitterreddit

ലയണൽ മെസിക്ക് കരാർ നീട്ടാനുള്ള ഓഫറുമായി പിഎസ്‌ജി. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തിന്റെ കരാർ മറ്റൊരു വർഷത്തേക്കു കൂടി നീട്ടാനുള്ള ഓഫറാണ് പിഎസ്‌ജി നൽകാൻ തയ്യാറെടുക്കുന്നത്. താരത്തിന് മുന്നിൽ ഓഫർ ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെങ്കിലും അതിനുള്ള തയ്യാറെടുപ്പിലാണു പിഎസ്‌ജിയെന്ന് സ്‌പാനിഷ്‌ മാധ്യമം മാർക്ക വെളിപ്പെടുത്തുന്നു.

മെസിയുടെ പിഎസ്‌ജി കരാർ പ്രകാരം ക്ലബിനും താരത്തിനും കോണ്ട്രാക്റ്റ് നീട്ടാനുള്ള അവകാശമുണ്ടെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും അതു സത്യമല്ലെന്ന് മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കരാർ നീട്ടുന്ന കാര്യത്തിൽ അവസാന തീരുമാനം എടുക്കാനുള്ള അവകാശം ലയണൽ മെസിക്കു മാത്രമായിരിക്കും.

അതേസമയം പിഎസ്‌ജി ഓഫർ മുന്നോട്ടു വെച്ചാലും അതിനോട് ലയണൽ മെസി ഉടനെ പ്രതികരിക്കാനുള്ള സാധ്യത കുറവാണ്. ഇപ്പോൾ തന്നെ കരാർ പുതുക്കുന്നത് വളരെ നേരത്തെയാകുമെന്ന് മെസി കരുതുന്നു. ഖത്തർ ലോകകപ്പ് വരെ കാത്തിരുന്നതിനു ശേഷം തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കാമെന്നാണ് മെസിയുടെ നിലപാട്.

പിഎസ്‌ജിയിൽ കഴിഞ്ഞ സമ്മറിൽ എത്തിയ മെസി കരിയറിലെ തന്നെ മോശം സീസണാണ് പൂർത്തിയാക്കിയത്. ടീമിനോട് ഇണങ്ങിച്ചേരാനുള്ള ബുദ്ധിമുട്ടും പരിക്കുകളും കാരണം നിരവധി മത്സരങ്ങൾ നഷ്‌ടമായ താരത്തിന് തന്റെ ഏറ്റവും മികച്ച ഫോം കണ്ടെത്താൻ കഴിഞ്ഞതുമില്ല. പിഎസ്‌ജിയിൽ എത്തിയതിനു ശേഷം മെസിക്ക് തുടർച്ചയായി കളിക്കാൻ കഴിഞ്ഞിട്ടുള്ളത് പത്ത് മത്സരങ്ങളിൽ മാത്രമാണെന്ന് ഇതു വ്യക്തമാക്കുന്നു.

അവധിദിവസങ്ങളിൽ നിന്നും ഒരാഴ്‌ച വെട്ടിച്ചുരുക്കിയ ലയണൽ മെസി നിലവിൽ പിഎസ്‌ജി ടീമിനൊപ്പം പരിശീലനത്തിലാണ്. സീസണിൽ പിഎസ്‌ജിയുടെ ആദ്യത്തെ മത്സരം ജൂലൈ 31ന് നാന്റസിനെതിരെയാണ്. ഫ്രഞ്ച് സൂപ്പർകപ്പ് കിരീടത്തിനു വേണ്ടി രണ്ടു ടീമുകളും ഏറ്റുമുട്ടി ഒരാഴ്ച്ചക്കു ശേഷം ലീഗ് വണും ആരംഭിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit