ഫ്രീ ട്രാൻസ്‌ഫറിൽ എംബാപ്പയെ നഷ്‌ടമാകുന്നത് ഒഴിവാക്കാൻ പുതിയ നീക്കവുമായി പിഎസ്‌ജി
By Sreejith N

കിലിയൻ എംബാപ്പയുടെ ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും അതുപോലെ തന്നെ തുടരുകയാണ്. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കാനിരിക്കെ അത് പുതുക്കുമോ അതോ ക്ലബ് വിടുമോയെന്ന കാര്യത്തിൽ താരം ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെങ്കിലും ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ വിട്ടു കൊടുക്കേണ്ടി വരികയെന്നത് പിഎസ്‌ജിയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.
എന്നാൽ എംബാപ്പെ അടുത്ത സമ്മറിൽ ക്ലബ് വിടാനുള്ള തീരുമാനം എടുത്താലും ഫ്രീ ട്രാൻസ്‌ഫറിൽ താരത്തെ നഷ്ടപ്പെടുകയെന്ന സാഹചര്യം ഒഴിവാക്കാനുള്ള നീക്കങ്ങൾ പിഎസ്‌ജി ആരംഭിച്ചു കഴിഞ്ഞുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെലിഫൂട്ടിനെ അടിസ്ഥാനമാക്കി സ്‌പാനിഷ് മാധ്യമമായ മാർക്ക പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെയെക്കൊണ്ട് വളരെ ചെറിയൊരു സമയത്തേക്കുള്ള കരാർ ഒപ്പിടീക്കാനാണ് പിഎസ്‌ജി ശ്രമിക്കുന്നത്.
Kylian Mbappe in talks to sign a new contract at Paris Saint-Germain | @JBurtTelegraph https://t.co/JVro4jgb63
— Telegraph Football (@TeleFootball) January 15, 2022
റിപ്പോർട്ടുകൾ പ്രകാരം വമ്പൻ തുകയുടെ പ്രതിഫലം ഓഫർ ചെയ്‌ത് രണ്ടു വർഷത്തേക്കുള്ള കരാർ എംബാപ്പെയെക്കൊണ്ട് ഒപ്പിടീക്കാനാണ് പിഎസ്‌ജി ഒരുങ്ങുന്നത്. ഈ നീക്കം നടപ്പിലായാൽ ലോസ് ബ്ലാങ്കോസിനൊപ്പം ചുരുങ്ങിയത് ഒരു വർഷം കൂടി തുടരാൻ താരത്തിനെക്കൊണ്ട് സമ്മതിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ അവർക്കുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിലും ഫ്രഞ്ച് താരത്തെ വിൽക്കുന്നതിലൂടെ വമ്പൻ തുക തന്നെ പിഎസ്‌ജിയുടെ കൈകളിൽ വന്നു ചേരും.
കഴിഞ്ഞ സമ്മറിൽ തന്നെ എംബാപ്പക്കു വേണ്ടി റയൽ മാഡ്രിഡ് ശ്രമം നടത്തിയിരുന്നു. ഇരുനൂറു മില്യൺ യൂറോയോളം താരത്തിനായി ഓഫർ ചെയ്‌തു വെങ്കിലും റയലിന്റെ വാഗ്‌ദാനം പിഎസ്‌ജി പൂർണമായും തള്ളിക്കളഞ്ഞു. അതിനു പുറമെ ഈ വിന്റർ ജാലകത്തിൽ എംബാപ്പക്കായി 50 മില്യൺ യൂറോ എംബാപ്പാക്കായി റയൽ മാഡ്രിഡ് ഓഫർ ചെയ്‌തുവെന്ന റിപ്പോർട്ടുകളും ശക്തമാണ്.
എംബാപ്പക്കു വേണ്ടിയുള്ള നീക്കങ്ങളിൽ നിന്നും ഇതുവരെയും പിറകോട്ടു പോകാൻ റയൽ മാഡ്രിഡിന് പദ്ധതിയില്ല. നിലവിൽ ഏതു ക്ലബുമായും പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ എംബാപ്പെക്ക് കഴിയുമെങ്കിലും ഈ സീസൺ അവസാനിച്ചതിനു ശേഷം മാത്രമേ താരം തന്റെ ഭാവിയെക്കുറിച്ച് കൃത്യമായൊരു തീരുമാനം എടുക്കൂവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.