മെസിയെയും നെയ്‌മറെയും മറികടന്ന് ക്ലബിലെ ഏറ്റവുമുയർന്ന വേതനം എംബാപ്പക്കു നൽകാൻ പിഎസ്‌ജി
By Sreejith N

ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന എംബാപ്പയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വളരെയധികം ശക്തമാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാനുള്ള അവസരം മുതലെടുക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുമ്പോൾ താരത്തെ ഏതു വിധത്തിലും ടീമിനൊപ്പം നിലനിർത്താനുള്ള ശ്രമങ്ങളാണ് പിഎസ്‌ജി നടത്തുന്നത്.
സ്‌പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം എംബാപ്പയെ ടീമിൽ തന്നെ നിലനിർത്തുന്നതിനായി ക്ലബിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനായി താരത്തെ മാറ്റാനുള്ള ശ്രമത്തിലാണ് നിലവിൽ പിഎസ്‌ജിയുള്ളത്. വമ്പൻ പ്രതിഫലം ഓഫർ ചെയ്‌ത് വളരെ ചുരുങ്ങിയ ഒരു കരാർ താരത്തെക്കൊണ്ട് ഒപ്പിടീക്കാനാണ് പിഎസ്‌ജി നിലവിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഏതാണ്ട് 41 മില്യൺ യൂറോ പ്രതിവർഷം വേതനമായി കൈപ്പറ്റുന്ന കരാറാണ് നെയ്‌മർക്കും മെസിക്കും പിഎസ്‌ജിയുമായി നിലവിലുള്ളത്. എന്നാൽ എംബാപ്പക്കുള്ള പുതിയ കരാറിൽ ഇതിനെ മറികടക്കുന്ന വേതനം നൽകാനാണ് പിഎസ്‌ജിയുടെ നീക്കം. റയൽ മാഡ്രിഡ് താരത്തിനായി മുന്നോട്ടു വെക്കുന്ന ഓഫറിനെ നിഷ്പ്രഭമാക്കുക എന്ന ലക്ഷ്യവും പിഎസ്‌ജിക്കുണ്ട്.
അതേസമയം നിലവിൽ ഒരു വർഷത്തിൽ പതിനെട്ടു മില്യൺ പ്രതിഫലമായി കൈപ്പറ്റുന്ന എംബാപ്പയെ ക്ലബിലെ ഏറ്റവും വേതനം വാങ്ങുന്ന താരമാക്കി മാറ്റിയാൽ അതിൽ മെസിക്കും നെയ്‌മർക്കും അസ്വാരസ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും മാർക്കയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം കരാർ ഒപ്പിടുന്നതിൽ അന്തിമ തീരുമാനം എംബാപ്പയുടേതു മാത്രമാണ്.
റയൽ മാഡ്രിഡുമായി എംബാപ്പെ പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടുവെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസം താരം അതു നിഷേധിച്ചിരുന്നു. തന്റെ ഭാവിയെ സംബന്ധിച്ച് തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന എംബാപ്പയുടെ വാക്കുകൾ പിഎസ്‌ജിക്ക് പ്രതീക്ഷയാണെങ്കിലും താരത്തിന്റെ കരാർ പുതുക്കൽ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നതിൽ തർക്കമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.