Football in Malayalam

മറ്റൊരു ക്ലബിനും മറികടക്കാൻ കഴിയാത്ത വമ്പൻ കരാർ മെസിക്കു വാഗ്‌ദാനം ചെയ്‌ത്‌ പിഎസ്‌ജി

Sreejith N
Villarreal CF v FC Barcelona - La Liga Santander
Villarreal CF v FC Barcelona - La Liga Santander / Aitor Alcalde Colomer/Getty Images
facebooktwitterreddit

ലോകത്തിലെ മറ്റൊരു ക്ലബിനും മറികടക്കാൻ കഴിയാത്ത വമ്പൻ കരാർ ലയണൽ മെസിക്ക് പിഎസ്‌ജി ഓഫർ ചെയ്‌തുവെന്ന്‌ റിപ്പോർട്ടുകൾ. അർജന്റീനിയൻ മാധ്യമമായ ടിഎൻടി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മൂന്നു വർഷത്തെ കരാറും നെയ്‌മറുടെ പത്താം നമ്പർ ജേഴ്‌സിയും പിഎസ്‌ജി വാഗ്‌ദാനം ചെയ്‌ത കരാറിൽ ഉൾപ്പെടുന്നു. അടുത്ത സീസണിൽ മെസിയെ ടീമിലെത്തിക്കാൻ പിഎസ്‌ജി സജീവമായ ശ്രമം നടത്തുന്നുണ്ടെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന മെസി ഇതുവരെയും പുതിയ കരാർ ഒപ്പിടുന്നതിന് അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. മെസിക്ക് ബാഴ്‌സയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലപോർട്ട പുതുക്കിയ കരാർ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പിഎസ്‌ജി വമ്പൻ ഓഫറുമായി എത്തിയിരിക്കുന്നത്.

പിഎസ്‌ജിക്ക് മെസിയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന കാര്യം ഫ്രഞ്ച് ക്ലബിന്റെ നേതൃത്വത്തിലുള്ളവരും താരങ്ങളുമെല്ലാം പലപ്പോഴായി വ്യക്തമാക്കിയ കാര്യമാണ്. അടുത്ത സമ്മറിൽ എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യത കൂടുതലായതിനാൽ ആ വിടവ് പരിഹരിക്കാനും നിലവിലുള്ളതിനേക്കാൾ മികച്ച പ്രകടനം നടത്താനും പകരക്കാരനായി പിഎസ്‌ജി നോട്ടമിടുന്നത് ബാഴ്‌സലോണ നായകനെയാണ്. മെസിക്കൊപ്പം വീണ്ടും കളിക്കണമെന്ന ആഗ്രഹം നെയ്‌മറും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബാഴ്‌സലോണ നായകൻ കരാർ പുതുക്കി ടീമിനൊപ്പം തന്നെ തുടരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബാഴ്‌സലോണ പ്രസിഡന്റ് . ലപോർട്ട പലപ്പോഴായി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സീസണിൽ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയ ബാഴ്‌സലോണക്ക് ലാ ലിഗ കൂടി നേടിയെടുക്കാൻ കഴിഞ്ഞാൽ മെസി പുതിയ കരാറൊപ്പിടുന്നതിന് അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ് നേതൃത്വം.

എന്നാൽ ബാഴ്‌സലോണയുടെ അടുത്ത സീസണുകളിലെ സ്പോർട്ടിങ് പ്രോജക്ട് വിലയിരുത്തിയതിനു ശേഷം മാത്രമേ മെസി കരാർ പുതുക്കുന്നതിൽ തീരുമാനം എടുക്കുന്നുണ്ടാകൂ. ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ആഗ്രഹമുള്ള മെസിയെ രണ്ടു സീസണുകളിലായി പിഎസ്‌ജി യൂറോപ്പിൽ നടത്തുന്ന മികച്ച പ്രകടനം ആകർഷിക്കാൻ സാധ്യതയുണ്ടെന്നതും കണക്കിലെടുക്കേണ്ടതുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit