റയൽ മാഡ്രിഡിനു ചിന്തിക്കാൻ പോലും കഴിയാത്ത സ്വപ്നതുല്ല്യമായ പ്രതിഫലം എംബാപ്പക്കു വാഗ്ദാനം ചെയ്ത് പിഎസ്ജി


കിലിയൻ എംബാപ്പയെ ടീമിനൊപ്പം നിലനിർത്താനുള്ള ശ്രമങ്ങൾ തുടർന്ന് പിഎസ്ജി. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നിരിക്കെ എംബാപ്പയെ നിലനിർത്താൻ വേണ്ടി 150 മില്യൺ യൂറോ പ്രതിഫലം വാഗ്ദാനം ചെയ്തു കൊണ്ടുള്ള കരാർ പിഎസ്ജി ഓഫർ ചെയ്തുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
സിബിഎസ്, ബിബിസി എന്നീ മീഡിയ ഔട്ട്ലെറ്റുകൾക്കു വേണ്ടി ജോലി ചെയ്യുന്ന ജേർണലിസ്റ്റായ വില്യം ബാലാഗ്യൂവിന്റെ റിപ്പോർട്ടുകൾ പ്രകാരം ഒരു സീസണിൽ എഴുപത്തിയഞ്ചു മില്യൺ യൂറോ വീതം വെച്ച് രണ്ടു സീസണിൽ 150 മില്യൺ യൂറോയാണ് പിഎസ്ജി എംബാപ്പയെ നിലനിർത്താൻ വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെ ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമെന്ന നേട്ടത്തിൽ എംബാപ്പെ ബഹുദൂരം മുന്നിലെത്തും.
Paris Saint-Germain 'have offered Kylian Mbappe £125MILLION over two seasons in a bid to convince the striker to stay at the club https://t.co/8NaHIaI3P5
— MailOnline Sport (@MailSport) April 7, 2022
കഴിഞ്ഞ ദിവസം നടന്ന യുവേഫ യോഗത്തിൽ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം ആയതിനു പിന്നാലെയാണ് എംബാപ്പയുടെ കരാർ പുതുക്കാൻ ഇത്രയും വലിയ തുക ഓഫർ ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പുതിയ നിയമം വരുന്നതോടെ ക്ലബിന്റെ വരുമാനത്തിന് ആനുപാതികമായല്ലാതെ തന്നെ പണം ചിലവഴിക്കാൻ ക്ലബുകൾക്ക് അവസരമുണ്ടാകും.
അതേസമയം റയൽ മാഡ്രിഡ് തനിക്കു വേണ്ടി മുന്നോട്ടു വെച്ച ഓഫർ വർധിപ്പിക്കാൻ എംബാപ്പെ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ റയൽ മാഡ്രിഡ് 30 മില്യൺ യൂറോ ഒരു സീസണിൽ പ്രതിഫലമായി നൽകാം എന്നാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ പിഎസ്ജി അതിനേക്കാൾ വലിയ ഓഫർ നൽകുന്നതു പരിഗണിച്ച് റയൽ മാഡ്രിഡും പ്രതിഫലം വർധിപ്പിക്കണമെന്നാണ് എംബാപ്പക്കുള്ളത്.
ഇതുവരെയും തന്റെ ഭാവിയുടെ കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് എംബാപ്പെ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ മികച്ച ഓഫർ നൽകി താരത്തെ നിലനിർത്തണമെന്ന പ്രതീക്ഷ ഫ്രഞ്ച് ക്ലബിനുണ്ട്. റയൽ മാഡ്രിഡിനു മുന്നിലുള്ള പ്രധാന ഭീഷണിയും അതു തന്നെയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.