മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ പിഎസ്ജിക്ക് പദ്ധതിയില്ല


ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളായ റൊണാൾഡോയും മെസിയും ഒരു ടീമിൽ കളിക്കുകയെന്നത് ആരാധകരുടെ വലിയൊരു സ്വപ്നമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്ന റൊണാൾഡോയെ സ്വന്തമാക്കാൻ പിഎസ്ജിക്ക് ആഗ്രഹമുണ്ടെന്ന അഭ്യൂഹങ്ങൾ വന്നതോടെ രണ്ടു താരങ്ങളും ഒരുമിക്കുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ടായിരുന്നു.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാൻ ഫ്രഞ്ച് ക്ലബിന് യാതൊരു പദ്ധതിയുമില്ലെന്നാണ് ദി അത്ലറ്റികിന്റെ ഡേവിഡ് ഓൺസ്റ്റീൻ വെളിപ്പെടുത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള തീരുമാനം റൊണാൾഡോ എടുത്താലും താരത്തെ സ്വന്തമാക്കാൻ യാതൊരു നീക്കവും പിഎസ്ജിയുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പുതിയ സ്പോർട്ടിങ് ഡയറക്റ്ററായി എത്തിയ ലൂയിസ് കാംപോസിനു കീഴിൽ പിഎസ്ജി വലിയ അഴിച്ചുപണികൾക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. സൂപ്പർതാരങ്ങളെ ടീമിൽ അണിനിരത്തുന്നതിനു പകരം മികച്ചൊരു ടീമിനെ സൃഷ്ടിക്കുക എന്നതിനാണ് അവർ മുൻതൂക്കം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് റൊണാൾഡോക്കു വേണ്ടി യാതൊരു ശ്രമവും ക്ലബിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത്.
അതേസമയം റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മറിൽ വിട്ടുകൊടുക്കില്ലെന്നും ഡേവിഡ് ഓൺസ്റ്റീന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു വർഷത്തെ കരാർ കൂടി ബാക്കിയുള്ള റൊണാൾഡോയെ അതവസാനിക്കുന്നതു വരെ ക്ലബിൽ നിലനിർത്താനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന റൊണാൾഡോ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിനോട് മികച്ച ഓഫർ ലഭിച്ചാൽ തന്നെ ഒഴിവാക്കുന്നത് പരിഗണിക്കണം എന്നഭ്യർത്ഥിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. താരം ക്ലബ് വിടുകയാണെങ്കിൽ അടുത്തതായി ചേക്കേറുക എവിടേക്കാകുമെന്നാണ് ആരാധകരും ഉറ്റു നോക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.