അർടെട്ട, കോണ്ടെ എന്നിവരുൾപ്പെടെ ഒൻപതു പരിശീലകർ പോച്ചട്ടിനോക്കു പകരക്കാരനാവാൻ പിഎസ്‌ജിയുടെ പട്ടികയിൽ

PSG's Nine Managerial Shortlist To Replace Pochettino
PSG's Nine Managerial Shortlist To Replace Pochettino / Justin Setterfield/GettyImages
facebooktwitterreddit

അടുത്ത സീസണിൽ പോച്ചട്ടിനോക്കു പകരക്കാരനായി പുതിയ പരിശീലകനെ തേടുന്ന പിഎസ്‌ജിയുടെ റഡാറിൽ യൂറോപ്പിലെ ഒൻപതു മാനേജർമാരുണ്ടെന്ന് റിപ്പോർട്ടുകൾ. നിരവധി മികച്ച താരങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ സീസണിൽ ലീഗ് കിരീടം കൈവിടുകയും ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്താവുകയും ചെയ്‌തതോടെയാണ്‌ പോച്ചട്ടിനോ ഈ സീസണിനപ്പുറം തുടരില്ലെന്നുറപ്പായത്.

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം മുൻ റയൽ മാഡ്രിഡ് മാനേജർ സിദാൻ തന്നെയാണ് പിഎസ്‌ജിയുടെ പട്ടികയിൽ മുന്നിലുള്ളത്. എന്നാൽ പിഎസ്‌ജിയിൽ ഒരുപാട് ആഭ്യന്തരപ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതിനാൽ സിദാൻ ഓഫർ തഴയാനുള്ള സാധ്യതയുണ്ട്. സിദാനു പുറമെ ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർടെട്ട, ടോട്ടനം മാനേജർ അന്റോണിയോ കോണ്ടെ എന്നിവരെയും പിഎസ്‌ജി പ്രധാനമായും പരിഗണിക്കുന്നു.

അർടെട്ട പരിശീലകനെന്ന നിലയിൽ അത്രയധികം നേട്ടങ്ങൾ സ്വന്തമാക്കിയിട്ടില്ലെങ്കിലും അദ്ദേഹം ആഴ്‌സനലിനെ മികച്ച ഫോമിൽ എത്തിച്ചതാണു പിഎസ്‌ജി പരിഗണിക്കുന്നത്. എന്നാൽ ആഴ്‌സണൽ ടോപ് ഫോർ ഉറപ്പിച്ചു നിൽക്കുന്നതിനാൽ അർടെട്ട ക്ലബ് വിടാനുള്ള സാധ്യത കുറവാണ്. ഈ സീസണിനിടയിൽ ടോട്ടനം പരിശീലകനായ അന്റോണിയോ കോണ്ടെയും പ്രീമിയർ ലീഗ് വിടാൻ സാധ്യതയില്ല.

ഈ മൂന്നു പേർക്കു പുറമെ യുവന്റസിന്റെ അല്ലെഗ്രി, അത്ലറ്റികോ മാഡ്രിഡിന്റെ ഡീഗോ സിമിയോണി, അയാക്‌സിന്റെ എറിക് ടെൻ ഹാഗ്, ഇന്റർ മിലൻറെ സിമോൺ ഇൻസാഗി, സ്പെസിയയുടെ തിയാഗോ മൊട്ട, മുൻ ബൊറൂസിയ ഡോർട്മുണ്ട് പരിശീലകൻ ലൂസിയൻ ഫാവ്റേ എന്നിവരെ പിഎസ്‌ജി പരിഗണിക്കുന്നു.

ക്ലബിന്റെ പരിശീലകനായി ആരെത്തിയാലും പെട്ടന്നുള്ള വിജയമാണ് ക്ലബ് പ്രതീക്ഷിക്കുന്നത്. പടിപടിയായുള്ള ഉയർച്ചക്കു പകരം എത്രയും വേഗത്തിൽ യൂറോപ്യൻ ജേതാക്കളാവുക എന്ന ലക്‌ഷ്യം തന്നെയാണു പിഎസ്‌ജിയുടെ മുന്നിലുള്ളത്. അതിനാൽ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് ആരായാലും രണ്ടു വട്ടം ചിന്തിക്കുമെന്നതിൽ സംശയമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.