ലയണൽ മെസിയുടെ സൈനിങ് പിഎസ്ജിയെ ദുർബലപ്പെടുത്തിയെന്ന് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ ഓവൻ


ലയണൽ മെസിയെ സ്വന്തമാക്കാനുള്ള പിഎസ്ജിയുടെ തീരുമാനം ടീമിനെ ദോഷമായാണ് ബാധിച്ചതെന്ന് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരമായ മൈക്കൽ ഓവൻ. ബെൽജിയൻ ക്ലബായ ബ്രൂഗേയോട് മെസി, നെയ്മർ, കെയ്ലിയൻ എംബാപ്പെ എന്നീ സൂപ്പർതാരങ്ങളുമായി ഇറങ്ങിയ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ സമനില വഴങ്ങിയതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഓവൻ ഇക്കാര്യം വ്യക്തമാക്കിയത്.
നെയ്മർ, എംബാപ്പെ എന്നിങ്ങനെ ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ രണ്ടു താരങ്ങളെ ഏതാനും വർഷങ്ങൾക്കു മുൻപ് തന്നെ ടീമിലെത്തിച്ചെങ്കിലും ഇതുവരെയും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസി കൂടി എത്തിയതോടെ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത പിഎസ്ജിക്കാണെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ആ വാദം അംഗീകരിക്കാൻ തനിക്കു കഴിയില്ലെന്നാണ് ഓവൻ പറയുന്നത്.
"ഈ മുന്നേറ്റനിര താരങ്ങളുമായുള്ള പിഎസ്ജി ടീമിനെക്കുറിച്ച് നമ്മൾ സംസാരിച്ചു കൊണ്ടേയിരിക്കുന്നു. അവരെല്ലാവരും സ്വന്തം കഴിവു പരിഗണിക്കുമ്പോൾ അസാധാരണ താരങ്ങളാണെന്നതിൽ സംശയമില്ല," ബിടി സ്പോർടിൻറെ ചർച്ചയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റിയോ ഫെർഡിനാൻഡിനൊപ്പം പങ്കെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ഓവൻ പറഞ്ഞു.
"എന്നാൽ എന്റെ അഭിപ്രായത്തിൽ മൂന്നു പേരും ഒരുമിച്ച് ചേരുമ്പോൾ ടീം ദുർബലമാകുന്നു. എന്തുകൊണ്ടാണ് അവർ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ളവരായി മാറുന്നതെന്ന് എനിക്കു മനസിലാകുന്നില്ല. ഇംഗ്ലീഷ് ടീമുകൾ (മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ) ഇവരേക്കാൾ മികച്ചതാണെന്ന് ഞാൻ കരുതുന്നു," ഓവൻ വ്യക്തമാക്കി.
അതേസമയം ഓവന്റെ അഭിപ്രായമല്ല പിഎസ്ജിയെ സംബന്ധിച്ച് ഫെർഡിനാന്റിനുള്ളത്. മധ്യനിരയിൽ ഇഡ്രിസ ഗുയെയ, മാർകോ വെറാറ്റി, വൈനാൾഡാം എന്നിവർ തമ്മിൽ ഒത്തിണക്കം വരുന്നതോടെ പിഎസ്ജി മികച്ച പ്രകടനം നടത്തുമെന്നും കൂടുതൽ മുന്നേറ്റനിര താരങ്ങളും ഒറ്റക്കെട്ടായി കളിച്ചു തുടങ്ങുമെന്നാണ് ഫെർഡിനാൻഡ് പറയുന്നത്.