'കേക്കു പങ്കിട്ടാൽ മാത്രമേ മൂന്നാൾക്കും കഴിക്കാനാവൂ' - പിഎസ്‌ജി മുന്നേറ്റനിര ഒറ്റക്കെട്ടായി നിൽക്കണമെന്ന് എംബാപ്പെ

Sreejith N
Stade Rennais v Paris Saint-Germain - Ligue 1
Stade Rennais v Paris Saint-Germain - Ligue 1 / John Berry/Getty Images
facebooktwitterreddit

പിഎസ്‌ജി മുന്നേറ്റനിരയിൽ കൂടുതൽ ഒത്തിണക്കവും നിസ്വാർത്ഥ മനോഭാവവും വരേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് കെയ്‌ലിൻ എംബാപ്പെ. സമ്മറിൽ ലയണൽ മെസി കൂടി ടീമിലെത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിരയായി പിഎസ്‌ജി മാറിയെങ്കിലും അത് കളിക്കളത്തിൽ തെളിയിക്കാൻ അവർക്കിതു വരെ കഴിഞ്ഞിട്ടില്ല. അതിനിടയിൽ മുന്നേറ്റനിര താരങ്ങൾ തമ്മിൽ ഈഗോ പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് എംബാപ്പയുടെ പ്രതികരണം.

"ഇതുപോലെ ഏറ്റവും മികച്ച താരങ്ങളുമായി മുന്നേറ്റനിരയിൽ കളിക്കുമ്പോൾ, നിങ്ങൾ കേക്ക് പങ്കു വെച്ചാൽ മാത്രമേ മൂന്നു പേർക്കും അതു കഴിക്കാനാവൂ. ഒരാൾക്ക് പാസ് ചെയ്യുമെന്നും മറ്റൊരാൾക്ക് ചെയ്യില്ലെന്നും പറയാൻ കഴിയില്ല. നമ്മൾ വളരെ വിവേകമതികളായിരിക്കണം. അസ്വസ്ഥപ്പെടുത്തുന്ന നിമിഷങ്ങൾ ഉണ്ടായേക്കാം, എന്നാൽ മൂന്നു പേരുടെയും ഒറ്റക്കെട്ടായുള്ള താൽപര്യങ്ങളാണ് പിഎസ്‌ജിയെ വിജയത്തിലേക്ക് എത്തിക്കുക," ആർഎംസി സ്പോർട്ടിനോട് എംബാപ്പെ പറഞ്ഞു.

മെസിയുടെ വരവിൽ താൻ അസ്വസ്ഥനാണെന്ന വാദങ്ങളെയും എംബാപ്പെ തള്ളിക്കളഞ്ഞു. "ലയണൽ മെസിക്കൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണ്. ഫുട്ബോളിനെ വളരെയധികം മനസിലാക്കിയ അദ്ദേഹത്തിന് എപ്പോഴും എന്താണു ചെയ്യേണ്ടത് എന്നു വ്യക്തമായി അറിയാം. എല്ലാവരെയും ഡ്രിബിൾ ചെയ്‌താണ്‌ ഗോൾ നേടേണ്ടതെങ്കിലും വൺ ടച്ച് കളിക്കേണ്ടി വരികയാണെങ്കിലും താരം അതു ചെയ്യും. ഏറ്റവും മികച്ച താരമല്ലെങ്കിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസി."

മോണ്ട്പെല്ലിയറിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിൽ നെയ്‌മർ പാസ് നൽകുന്നില്ലെന്നു പരാതിപ്പെട്ടതിലും എംബാപ്പെ പ്രതികരിച്ചു. "അതു പലപ്പോഴും സംഭവിക്കാറുണ്ട്, ഞാൻ കൂടുതൽ ആലോചിക്കേണ്ടതായിരുന്നു എങ്കിലും അതിൽ ഖേദമൊന്നുമില്ല. ഇതു പുറമെ നിന്നു നോക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ഉള്ളിലെ കാര്യങ്ങൾ എങ്ങിനെയാണെന്ന് നമുക്കറിയാം"

"ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്കു നെയ്‌മറോട് ബഹുമാനം മാത്രമേയുള്ളൂ. ഇപ്പോൾ നമുക്ക് ചുറ്റും ധാരാളം ക്യാമറകളുണ്ട്, എന്നാൽ ഇതു ഫുട്ബോളാണ്, ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്‌നവുമില്ല," എംബാപ്പെ വ്യക്തമാക്കി.


facebooktwitterreddit