മെസ്സിക്ക് പേശി പ്രശ്നമുണ്ടെന്ന് പോച്ചട്ടിനോ; ലില്ലെക്കെതിരെ താരം കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരിശീലകൻ

പരിശീലനത്തിനിടെ ചെറിയ പേശി പ്രശ്നം അനുഭവപ്പെട്ടെങ്കിലും സൂപ്പർതാരം ലയണൽ മെസ്സി ലില്ലെക്കെതിരായ ലീഗ് 1 മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് പരിശീലകൻ മൗറിസിയോ പോച്ചട്ടീനോ. കെയ്ലിൻ എംബാപ്പയെ പരിക്ക് മൂലം നഷ്ടമായ ഫ്രഞ്ച് ക്ലബിന്, ലില്ലെക്കെതിരായ മത്സരത്തിന് മുൻപ് ആശ്വാസം നൽകുന്നതാണ് പോച്ചട്ടീനോയുടെ വാക്കുകൾ.
മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഒറ്റക്ക് പരിശീലനം നടത്തിയ മെസ്സിക്ക് ലില്ലെക്കെതിരായ മത്സരം നഷ്ടമാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, താരം കളിച്ചേക്കുമെന്ന സൂചനകളാണ് പോച്ചട്ടിനോ നൽകുന്നത്.
"മാഴ്സക്കെതിരായ മത്സരത്തിന് ശേഷം ലിയോ നന്നായി പരിശീലിച്ചു. ഇന്ന് ചെറിയ പേശി പ്രശ്നം അനുഭവപ്പെട്ട അവൻ മുൻകരുതലിന്റെ ഭാഗമായി ഒറ്റക്കാണ് പരിശീലനം നടത്തിയത്. പക്ഷേ വെള്ളിയാഴ്ച അദ്ദേഹം തയ്യാറാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," പോച്ചട്ടിനോ മാധ്യമങ്ങളോട് പറഞ്ഞു.
എംബാപ്പയുടെ അഭാവത്തിൽ താരത്തിന്റെ സ്ഥാനത്ത് മെസ്സിയെ കളിപ്പിക്കുമോ എന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, മെസ്സിക്ക് ഏത് പൊസിഷനിൽ വേണമെങ്കിലും കളിക്കാൻ കഴിയുമെന്നും, എന്നാൽ തങ്ങൾക്ക് സ്ട്രൈക്കർ സ്ഥാനത്ത് കളിക്കാൻ കഴിയുന്ന മറ്റു താരങ്ങളുമുണ്ട് എന്നാണ് പോച്ചട്ടിനോ പറഞ്ഞത്.
"എംബാപ്പെയുടെ സ്ഥാനത്ത് ഞങ്ങൾ അവനെ കളിപ്പിക്കുമെന്നോ? ഞങ്ങൾ ഒരു ടീമായി എങ്ങനെ കളിക്കുന്നു എന്നതിലും ഞങ്ങളുടെ ആക്രമണ ശൈലിയിലും എല്ലാ താരങ്ങൾക്കും അവരുടേതായ സ്വാധീനമുണ്ട്. ടീമിന് കെയ്ലിൻ വളരെ പ്രധാനമാണ്. ലയണലിന് കുറച്ചുകൂടി മുന്നിൽ കളിക്കാൻ കഴിയും, പക്ഷേ ഞങ്ങൾക്ക് മറ്റ് സാധ്യതകളും ആ റോളിൽ കളിക്കാൻ കഴിയുന്ന മറ്റ് കളിക്കാരും ഉണ്ട്. ലിയോക്ക് ഏത് പൊസിഷനിലും കളിക്കാൻ കഴിയും," പിഎസ്ജി പരിശീലകൻ പറഞ്ഞു.