Football in Malayalam

കെയ്‌ലിൻ എംബാപ്പെ പിഎസ്‌ജിയിൽ തുടരാനുള്ള സാധ്യത തള്ളിക്കളയാതെ താരത്തിന്റെ മാതാവ്

By Mohammed Davood
Kylian Mbappe
Kylian Mbappe / Catherine Steenkeste/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന കെയ്‌ലിയൻ എംബാപ്പെ പിഎസ്‌ജിയിൽ തുടരാനുള്ള സാധ്യത തള്ളിക്കളയാതെ താരത്തിന്റെ മാതാവായ ഫെയ്‌സ ലമാരി. പിഎസ്‌ജിയുമായുള്ള കരാർ പുതുക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ ക്ലബുമായി നടക്കുന്നതായാണ് താരത്തിന്റെ മാതാവ് വെളിപ്പെടുത്തുന്നത്.

2022ൽ ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്ന എംബാപ്പെക്ക് ജനുവരിയിൽ തന്നെ റയൽ മാഡ്രിഡുമായി പ്രീ-കോൺട്രാക്ട് സൈൻ ചെയ്യാൻ കഴിയുമെങ്കിലും, താരത്തെ ക്ലബിൽ നിലനിറുത്താം എന്നാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്.

"ഞങ്ങൾ ഇപ്പോൾ പി‌എസ്‌ജിയുമായി സംസാരിക്കുന്നുണ്ട്. എല്ലാം നന്നായി നടക്കുന്നു. ഞാൻ ഇന്നലെ രാത്രി ലിയനാർഡോയുമായി സംസാരിച്ചിരുന്നു," താരത്തിന്റെ മാതാവ് ലെ പാരിസിയനോട് പറഞ്ഞു.

"ഒരു കാര്യം വ്യക്തമാണ്, ചാമ്പ്യൻസ് ലീഗ് നേടാൻ കെയ്‌ലിൻ (എംബാപ്പെ) അവസാനം വരെ എല്ലാം നൽകും," അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെക്ക് വേണ്ടി റയൽ ശ്രമം നടത്തിയിരുന്നു. താരത്തെ സ്വന്തമാക്കാൻ റയൽ ബിഡ് സമർപ്പിച്ചിരുന്നുവെങ്കിലും, പിഎസ്‌ജി അത് സ്വീകരിക്കാതിരുന്നതോടെയാണ് അത്തരമൊരു നീക്കം നടക്കാതിരുന്നത്.

റയലിലേക്ക് പോകാൻ തന്നെ അനുവദിക്കണമെന്ന് പിഎസ്‌ജിയോട് കഴിഞ്ഞ ജൂലൈയിൽ ആവശ്യപ്പെട്ടിരുന്നതായി എംബാപ്പെ ഈ ആഴ്ച മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. അതിനാൽ തന്നെ, പിഎസ്‌ജിയുമായുള്ള തന്റെ കരാറിന്റെ അവസാനം താരം റയലിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെങ്കിലും, ഫ്രഞ്ച് ക്ലബിൽ തുടരാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല എന്നാണ് താരത്തിന്റെ മാതാവിന്റെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന.


facebooktwitterreddit