'പിഎസ്ജിയിൽ ബാലൻസ് കണ്ടെത്തുന്നത് എളുപ്പമല്ല' - വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന പോച്ചട്ടീനോയെ പ്രതിരോധിച്ച് കൊണ്ടേ

ചാമ്പ്യൻസ് ലീഗ് 2021/22 സീസണിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ താരതമ്യേന ദുർബലരായ ക്ലബ് ബ്രൂഗിനെതിരെ 1-1ന്റെ സമനില വഴങ്ങിയതിന് ശേഷം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന പിഎസ്ജി പരിശീലകൻ മൗറിസിയോ പോച്ചട്ടീനോയെ പ്രതിരോധിച്ച് മുൻ ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കൊണ്ടേ.
ബെൽജിയം ചാമ്പ്യന്മാരായ ക്ലബ് ബ്രൂഗിനെതിരെയുള്ള മത്സരത്തിൽ താരനിബിഢമായ സ്ക്വാഡുമായി കളിക്കാനിറങ്ങിയ പിഎസ്ജിക്ക് വിജയം കൈവൈരിക്കാനായില്ല എന്ന് മാത്രമല്ല, പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനുമായില്ല.
15ആം മിനുറ്റിൽ കെയ്ലിൻ എംബാപ്പെയുടെ അസിസ്റ്റിൽ നിന്ന് ആൻഡർ ഹെരേര പിഎസ്ജിയെ മുന്നിലെത്തിച്ചെങ്കിലും, 27ആം മിനുറ്റിൽ ഹാൻസ് വനാക്കാനിലൂടെ ക്ലബ് ബ്രൂഗെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം ബെൽജിയം ക്ലബ് പുറത്തെടുത്തപ്പോൾ, എതിർ നീക്കങ്ങൾ തടയുന്നതിൽ പിഎസ്ജി പതറുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകം കണ്ടത്.
ലയണൽ മെസ്സി, നെയ്മർ, എംബാപ്പെ തുടങ്ങിയ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ പലരും ഉണ്ടായിട്ടും ക്ലബ് ബ്രൂഗിനെതിരെ വിജയം കരസ്ഥമാക്കാൻ കഴിയാത്തത് പോച്ചട്ടീനോക്കെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്. എന്നാൽ പിഎസ്ജിയിൽ ബാലൻസ് കണ്ടെത്തുക എളുപ്പമല്ലെന്നാണ് മുൻ ഇന്റർ പരിശീലകനായ കൊണ്ടേ പറയുന്നത്.
"പിഎസ്ജിയിൽ ബാലൻസ് കണ്ടെത്തുന്നത് എളുപ്പമല്ല, പോച്ചട്ടീനോക്ക് മാത്രമല്ല, ആർക്കും അത് ബുദ്ധിമുട്ടായിരിക്കും," കൊണ്ടേ സ്കൈ ഇറ്റാലിയയോട് പറഞ്ഞു.
അതേ സമയം, തങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്നറിയാമെന്നാണ് പോച്ചട്ടീനോ ക്ലബ് ബ്രൂഗിന് എതിരായ സമനിലക്ക് ശേഷം അഭിപ്രായപ്പെട്ടത്.
"മെച്ചപ്പെടേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം. അതെന്നെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. മുന്നേറ്റനിര താരങ്ങൾ പ്രതിരോധത്തിൽ സഹായിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. കൂടുതൽ മേഖലകളിൽ ഞങ്ങൾ കരുത്തരായിരിക്കണം. മത്സരിക്കുകയും, പരസ്പരം മനസിലാക്കുകയും, വിജയത്തിനു വേണ്ടി മൂന്നു പേരും ഒരുമിച്ച് കളിക്കുകയും വേണം. എന്നാൽ ഇന്നത്തെ പ്രശ്നം അതൊന്നുമല്ല." പോച്ചട്ടീനോ ആർഎംസി സ്പോർട്ടിനോട് പറഞ്ഞു.
"ഞങ്ങളൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിനു വേണ്ട കരുത്തു കാണിച്ചില്ല. ടീമിന്റെ പ്രകടനത്തിലും റിസൽട്ടിലും ഞങ്ങൾ തൃപ്തരല്ല. കൂടുതൽ മെച്ചപ്പെടണമെന്ന് അറിയാം. വളരെ മികച്ച താരങ്ങളുടെ ഒരു കൂട്ടം തന്നെ ഇവിടെയുണ്ട്. ആക്രമണത്തിലും പ്രതിരോധത്തിലും ഒറ്റക്കെട്ടായി നിൽക്കുകയാണു വേണ്ടത്, ഞങ്ങൾക്കു സമയം ആവശ്യമാണ്," പോച്ചട്ടീനോ കൂട്ടിച്ചേർത്തു.