Football in Malayalam

'നെയ്‌മർ ഒരു നശിച്ച കുട്ടിയായി മാറി' - രൂക്ഷവിമർശനവുമായി മുൻ പിഎസ്‌ജി താരം

Sreejith N
Paris Saint-Germain v Manchester City: Group A - UEFA Champions League
Paris Saint-Germain v Manchester City: Group A - UEFA Champions League / BSR Agency/Getty Images
facebooktwitterreddit

ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മർക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ പിഎസ്‌ജി താരം എഡ്വേർഡ് സിസെ. ബാഴ്‌സലോണയിൽ വളരെ അച്ചടക്കത്തോടെ മികച്ച പ്രകടനം നടത്തിയിരുന്ന നെയ്‌മറെ പിഎസ്‌ജിയിലെത്തിച്ച് എല്ലാം നൽകിയെങ്കിലും താരം അതിനെയെല്ലാം മോശമാക്കുന്ന സമീപനമാണു പുലർത്തിയതെന്ന് 1997 മുതൽ 2007 വരെ ഫ്രഞ്ച് ക്ലബിനൊപ്പം കളിച്ച സിസെ അഭിപ്രായപ്പെട്ടു.

"ബാഴ്‌സലോണക്ക് കൃത്യമായൊരു ഘടനയുണ്ടായിരുന്നു. നെയ്‌മർ കൂടുതൽ ഡ്രിബിൾ ചെയ്‌തിരുന്നെങ്കിലും താരത്തിന് വളരെ വ്യക്തമായൊരു കേളീശൈലി ഉണ്ടായിരുന്നു. ഡിഫൻസീവ് ലൈനിനെ പൊളിച്ച് കളിയിൽ വ്യത്യസ്‌തത സൃഷ്‌ടിച്ച് ജനറൽ ലയണൽ മെസിക്ക് പന്തു നൽകുക എന്നതായിരുന്നു താരത്തിന്റെ ജോലി. അത് നന്നായി ചെയ്‌ത അവൻ (നെയ്മർ) പിന്നീട് അദ്ദേഹത്തിന്റെ (മെസ്സിയുടെ) 'ആൾട്ടർ ഈഗോ' ആയി മാറി," ലെ പാരീസിയനോട് സിസെ പറഞ്ഞു.

എന്നാൽ പിഎസ്‌ജിയിൽ നെയ്‌മറുമായി ബന്ധപ്പെട്ട് മറ്റൊരു സാഹചര്യമാണ് നേരിടേണ്ടി വന്നതെന്ന് സിസെ പറയുന്നു. "പാരീസിൽ നെയ്‌മർക്കു മുന്നിൽ എല്ലാം തുറന്നിടുകയും വേണ്ടതെല്ലാം ചെയ്യാനുള്ള അനുവാദം നൽകുകയും ചെയ്‌തു. എന്നാൽ ഒരു നിമിഷത്തിൽ താരത്തിനു സ്വയം നഷ്‌ടമായി."

"നെയ്‌മർ ഒരു മഹത്തായ കളിക്കാരനാണ്, ആർക്കും അതിൽ തർക്കിക്കാൻ കഴിയില്ല. എന്നാൽ ഒരു നശിച്ച കുട്ടിയായി മാറിയ താരം, എല്ലാവരുടെ മേലും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു," സിസെ പറഞ്ഞു.

ഈ സീസണിൽ എട്ടു മത്സരങ്ങളിൽ ഫ്രഞ്ച് ക്ലബിനു വേണ്ടി കളത്തിലിറങ്ങിയ നെയ്‌മർ വെറും രണ്ടു തവണ മാത്രമാണ് ലക്ഷ്യം കണ്ടിരിക്കുന്നത്. കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിൽ നെയ്‌മറടക്കമുള്ള മുന്നേറ്റനിര നിരവധി അവസരങ്ങൾ പാഴാക്കി കളഞ്ഞതിനെ തുടർന്ന് പിഎസ്‌ജി റെന്നെസിനെതിരെ തോൽവി നേരിട്ട പശ്ചാത്തലത്തിലാണ് സിസെയുടെ വിമർശനം വരുന്നത്.


facebooktwitterreddit