Football in Malayalam

മെസി പിഎസ്‌ജിയുടെ ലീഡറാകുന്നത് എങ്ങനെയെന്നും യുവതാരങ്ങൾക്ക് പ്രചോദനം നൽകുന്നതിനെക്കുറിച്ചും ആൻഡർ ഹെരേര

Sreejith N
Club Brugge KV v Paris Saint-Germain: Group A - UEFA Champions League
Club Brugge KV v Paris Saint-Germain: Group A - UEFA Champions League / Isosport/MB Media/Getty Images
facebooktwitterreddit

ലയണൽ മെസി പിഎസ്‌ജിയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു ശേഷം രണ്ടു മത്സരങ്ങൾ മാത്രമാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഈ രണ്ടു മത്സരങ്ങളിലും തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം നടത്താനോ ഗോളുകൾ നേടാനോ അർജന്റീന താരത്തിനു കഴിഞ്ഞിട്ടില്ല. എന്നാൽ കളിക്കളത്തിൽ ഇതുവരെയും പ്രതിഭ തെളിയിച്ചിട്ടില്ലെങ്കിലും ഡ്രസിങ് റൂമിനെ മെസിയുടെ പ്രഭാവം മാറ്റിയെടുക്കുന്നുണ്ടെന്നാണ് സഹതാരം ആൻഡർ ഹെരേര പറയുന്നത്.

പിഎസ്‌ജിയിൽ എത്തിയതിനു ശേഷം മെസി വളരെ വേഗത്തിൽ തന്നെ തന്റെ നേതൃഗുണം കാണിച്ചു തുടങ്ങി എന്നാണു ഹെരേര പറയുന്നത്. ലോകഫുട്ബോളിൽ തന്നെ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന താരമായിട്ടു കൂടി യുവതാരങ്ങളോടുള്ള മെസിയുടെ പെരുമാറ്റം താരത്തെ മികച്ച നേതൃഗുണമുള്ളയാളാക്കി മാറ്റുന്നുവെന്നും ഹെരേര പറഞ്ഞു.

"ഫുട്ബോളിൽ പല തരത്തിലുള്ള ലീഡർഷിപ്പുമുണ്ട്. ചിലർ വാക്കുകൾ കൊണ്ടും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതു കൊണ്ടും ടീമിനെ നായകനായി മാറുന്നു. ചിലർ മാതൃകാപരമായ പെരുമാറ്റം കൊണ്ടാണ് നായകന്മാരായി മാറുക," സ്‌പാനിഷ്‌ മാധ്യമമായ കദേന സെറിന്റെ എൽ ലാർഗുവേര ഷോയിൽ ആൻഡർ ഹെരേര പറഞ്ഞു.

"മെസി പാരീസിൽ എത്തിയതിനു ശേഷം താരമാണ് ജിമ്മിൽ ആദ്യമെത്തുന്നത്. പരിശീലനമടക്കമുള്ള കാര്യങ്ങളൊന്നും താരം തമാശയായി എടുക്കുന്നില്ല. ലോകത്തിലെ തന്നെ നമ്പർ വൺ താരം ഇത്തരം കാര്യങ്ങളൊന്നും തമാശയായി എടുക്കുന്നില്ലെന്നു കാണുമ്പോൾ യുവതാരങ്ങൾ തങ്ങളും അതിനെ പിന്തുടരണമെന്നു പറയുകയും ചെയ്യും," ഹെരേര വെളിപ്പെടുത്തി.

പിഎസ്‌ജിക്കൊപ്പമുള്ള രണ്ടു മത്സരങ്ങളിലും ഗോൾ കണ്ടെത്താൻ പരാജയപ്പെട്ട മെസി ഫ്രഞ്ച് ലീഗിൽ ലിയോണിനെതിരെ വല ചലിപ്പിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ദുർബലരായ ബ്രൂഗേയോട് സമനില വഴങ്ങിയതിന്റെ ക്ഷീണം മാറ്റാൻ പിഎസ്‌ജിക്ക് വിജയവും മെസിക്ക് മികച്ച പ്രകടനവും പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.


facebooktwitterreddit