പുതിയ പരിശീലകനെ തേടി പിഎസ്ജി; പട്ടികയിൽ മൂന്ന് പേർ

അര്‍ജന്റൈന്‍ പരിശീലകന് മൗറീസിയോ പൊച്ചറ്റീനോക്ക് കീഴില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ പിഎസ്ജിക്ക് ഈ സീസണിൽ കഴിഞ്ഞിട്ടില്ല. ഇതോടെ പരിശീലകസ്ഥാനത്തേക്ക് പുതിയ ഒരാളെ എത്തിക്കാനുള്ള നീക്കങ്ങളിലാണ് ഫ്രഞ്ച് ക്ലബ്. പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടിക മൂന്ന് പേരിലേക്ക് പിഎസ്ജി ചുരുക്കിയതായാണ് ലെക്യുപെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അര്‍ജന്റൈന്‍ ക്ലബായ റിവര്‍പ്ലേറ്റ് പരിശീലകനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന മാഴ്സലോ ഗല്ലെര്ദോ, ജർമനിക്ക് ലോകകപ്പ് നേടിക്കൊടുത്ത ജോകിം ലോ, സീരി എ ക്ലബായ സ്പെസിയയുടെ പരിശീലകൻ തിയാഗോ മോട്ട എന്നിവരാണ് പിഎസ്ജിയുടെ മൂന്നംഗ പട്ടികയിൽ ഉള്ളതെന്നാണ് ലെക്യുപെ വ്യക്തമാക്കുന്നത്. എന്തായാലും അടുത്ത സീസണില്‍ പൊച്ചറ്റീനോയെ മാറ്റാന്‍ തന്നെയാണ് ഫ്രഞ്ച് വമ്പന്മാരുടെ തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണല്‍ മെസ്സി, സെര്‍ജിയോ റാമോസ്, ജിയാന്‍ലൂജി ഡോണരുമ്മ തുടങ്ങിയവരെ സ്വന്തമാക്കി ടീം ശക്തിപ്പെടുത്തിയ പിഎസ്ജിക്ക് എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ഈ സീസണിൽ കഴിഞ്ഞില്ല. ലീഗ് 1 കിരീടം സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും, ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന് അപ്പുറം പോകാൻ ഫ്രഞ്ച് ക്ലബിനായില്ല.