Football in Malayalam

പിഎസ്‌ജി മെഡിക്കൽ റിപ്പോർട്ട്: ലയണൽ മെസിയുടെ ചികിത്സ തുടരും, റാമോസ് അടുത്തയാഴ്‌ച പരിശീലനം പുനരാരംഭിക്കുന്നു

Sreejith N
Paris Saint Germain v RC Strasbourg - Ligue 1
Paris Saint Germain v RC Strasbourg - Ligue 1 / John Berry/GettyImages
facebooktwitterreddit

ലയണൽ മെസി, സെർജിയോ റാമോസ് എന്നിവരുടെ ഫിറ്റ്നസിൽ പുരോഗതിയുണ്ടെന്നു വ്യക്തമാക്കി പിഎസ്‌ജിയുടെ മെഡിക്കൽ റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗിൽ ലീപ്‌സിഗിനെതിരെ നടന്ന കഴിഞ്ഞ മത്സരം നഷ്‌ടമായ മെസി ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന്റെ അരികിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം സെർജിയോ റാമോസ് അടുത്തയാഴ്‌ച പരിശീലനം തുടങ്ങും.

"ഉറീദു ട്രെയിനിങ് സെന്ററിൽ മെസി മുട്ടുകാൽ, ഹാംസ്ട്രിങ് എന്നിവയുടെ വേദനക്കുള്ള ചികിത്സ തുടരുന്നു." പിഎസ്‌ജിയുടെ പ്രസ്‌താവന വ്യക്തമാക്കി. എന്നാൽ പരിക്കു മാറിയാലും ഈയാഴ്‌ച ബോർഡെക്സിനെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിച്ചേക്കില്ല. ഇന്റർനാഷണൽ ബ്രേക്കിനു ശേഷമായിരിക്കും മെസി പിഎസ്‌ജിക്കു വേണ്ടി കളിക്കാനിറങ്ങുക.

മെസി പരിക്കിൽ നിന്നും മുക്തനാവുന്നുണ്ടെന്ന സൂചനകൾ അർജന്റീന ആരാധകർക്ക് ആശ്വാസം തന്നെയാണ്. ഈ മാസം 12, 16 തീയതികളിൽ യുറുഗ്വായ്, ബ്രസീൽ എന്നിവർക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം കളിക്കുമെന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്. ഈ രണ്ടു മത്സരങ്ങളിലും വിജയം നേടിയാൽ അർജന്റീനക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ കഴിയും.

അതേസമയം പിഎസ്‌ജിക്കൊപ്പം ഇതുവരെയും ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത സെർജിയോ റാമോസും ഇന്റർനാഷണൽ ബ്രേക്കിനു ശേഷം ടീമിലേക്ക് തിരിച്ചെത്തുമെന്ന സൂചനകളും റിപ്പോർട്ട് നൽകുന്നുണ്ട്. സ്‌പാനിഷ്‌ താരത്തിന്റെ കരാർ പിഎസ്‌ജി ഒഴിവാക്കിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് റാമോസ് തിരിച്ചുവരവിന് ഒരുങ്ങുന്നത്.

പരഡെസ്, വെറാറ്റി, റഫിന്യ, കിംപെംബെ എന്നിവരുടെ മെഡിക്കൽ റിപ്പോർട്ടുകളും പിഎസ്‌ജി പുറത്തു വിട്ടിട്ടുണ്ട്. പരഡെസ് ഉടൻ തന്നെ തിരിച്ചെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വെറാറ്റി ഇന്റർനാഷണൽ ബ്രേക്കിനു ശേഷം പരിശീലനം ആരംഭിക്കുമെന്നും റാഫിന്യ, കിംപെംബെ എന്നിവർ ചികിത്സ തുടരുമെന്നും പിഎസ്‌ജി അറിയിച്ചിട്ടുണ്ട്.

facebooktwitterreddit