പി.എസ്.ജിയും പൊച്ചറ്റീനോയും പിരിയുന്നു; പ്രഖ്യാപനം ഉടന്‍

RC Strasbourg v Paris Saint-Germain - Ligue 1
RC Strasbourg v Paris Saint-Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

പി.എസ്.ജിയുടെ അര്‍ജന്റൈന്‍ പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോയും ക്ലബും തമ്മില്‍ പിരിയുന്നതായി റിപ്പോര്‍ട്ട്. ദി അത്‌ലറ്റിക്ക് പ്രതിനിധി ഡേവിഡ് ഒൺസ്റ്റെയ്‌നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരേയുള്ള തോല്‍വിക്ക് ശേഷം പൊച്ചറ്റീനോയെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അടുത്ത സീസണില്‍ പൊച്ചറ്റീനോ ക്ലബിനൊപ്പമുണ്ടാകില്ലെന്നും ദി അത്ലറ്റിക്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ലായിരുന്നു പൊച്ചറ്റീനോ പി.എസ്.ജിയിലെത്തിയത്. ഇക്കാലയളവിനുള്ളില്‍ മൂന്ന് കിരീടങ്ങള്‍ പി.എസ്.ജിക്കൊപ്പം സ്വന്തമാക്കിയെങ്കിലും, ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് ഫ്രഞ്ച് വമ്പന്മാരെ നയിക്കാൻ പൊച്ചറ്റീനോക്കായില്ല.

ലണയല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ, സെര്‍ജിയോ റാമോസ് തുടങ്ങിയ വന്‍ താരങ്ങളുടെ നിരയുണ്ടായിട്ടും കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാന്‍ പൊച്ചറ്റീനോക്ക് കഴിഞ്ഞില്ല. പൊച്ചറ്റീനോക്ക് പകരക്കാരനായി മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനായ സിദനീന്‍ സിദാന്‍ പി.എസ്.ജിയുടെ പരിശീലക സ്ഥാനത്തെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. മുണ്ടോ ഡിപ്പോര്‍ട്ടീവോയുടെ റാമോണ്‍ ഫ്യൂവന്‍സ് നേരത്തെ സിനദീന്‍ സിദാന്‍ പി.എസ്.ജിയുമായി കരാറൊപ്പിടുന്നതിന് വേണ്ടി ഖത്തറിലേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ പൊച്ചറ്റീനോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഈ നീക്കം നടന്നിരുന്നില്ല. 2009 മുതല്‍ പരിശീലക റോളിലുള്ള പൊച്ചറ്റീനോയുടെ നാലാമത്തെ ക്ലബാണ് പി.എസ്.ജി. ഇതിന് മുന്‍പ് ലാലിഗ ക്ലബായ എസ്പാനിയോള്‍, പ്രീമിയര്‍ ലീഗ് ക്ലബുകളായ സൗതാംപ്ടണ്‍, ടോട്ടന്‍ഹാം തുടങ്ങിയ ക്ലബുകളെ പൊച്ചറ്റീനോ പരിശീലിപ്പിച്ചിരുന്നു.