ലയണൽ മെസിയെ പരിശീലിപ്പിച്ചതിന്റെ ആദ്യ അനുഭവം വെളിപ്പെടുത്തി പിഎസ്‌ജി പരിശീലകൻ ഗാൾട്ടിയാർ
By Sreejith N

കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ ഈ സീസൺ മികച്ചതാക്കാനുറപ്പിച്ചാണ് ലയണൽ മെസി പിഎസ്‌ജിയിൽ ഇറങ്ങുന്നത്. ക്ലബിന്റെ പുതിയ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ മെസിക്ക് മൈതാനത്ത് കൂടുതൽ സ്വാതന്ത്യം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചാൽ താരത്തിന് അതിനു കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ലയണൽ മെസിയെ ആദ്യമായി പരിശീലിപ്പിച്ചതിന്റെ അനുഭവം ഗാൾട്ടിയർ വെളിപ്പെടുത്തിയതിൽ നിന്നും മൈതാനത്ത് അർജന്റീന താരം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. മത്സരഫലത്തെയും മുന്നോട്ടുപോക്കിനെയും വളരെയധികം സ്വാധീനിക്കാൻ കഴിവുള്ള താരമാണ് മെസിയെന്നാണ് കഴിഞ്ഞ ദിവസം ഗാൾട്ടിയർ താരത്തെക്കുറിച്ച് പറഞ്ഞത്.
"കഴിഞ്ഞ പത്തു ദിവസമായി എനിക്കു കാണാൻ കഴിയുന്നത് ലയണൽ മെസി മുഴുവനായ സ്വാധീനവും ചെലുത്താൻ കഴിയുന്ന താരമാണെന്നാണ്. അതിനു ശേഷമുള്ളത്, ഈ ലോകത്തിനു തന്നെയറിയാം താരത്തിന് എന്തിനെല്ലാം കഴിയുമെന്നത്." ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയോട് സംസാരിക്കുമ്പോൾ ഗാൾട്ടിയർ പറഞ്ഞു.
പോച്ചട്ടിനോ പരിശീലകനായിരുന്ന സമയത്ത് പിഎസ്‌ജിയുടെ ശൈലിയിൽ പൂർണസ്വാതന്ത്ര്യം ലഭിക്കാതിരുന്നത് മെസിയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. അതിനു ശേഷം അർജന്റീനക്കു വേണ്ടി കളിച്ചപ്പോൾ അതിഗംഭീര പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിട്ടുമുണ്ട്. ടീമുമായി ഇണങ്ങിച്ചേർന്ന്, മൈതാനത്ത് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചാൽ തന്റെ ഏറ്റവും മികച്ച പ്രകടനം മെസി നടത്തുമെന്ന് ഇതു തെളിയിക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന ആദ്യത്തെ പ്രീ സീസൺ മത്സരത്തിൽ പിഎസ്‌ജി വിജയത്തോടെ തുടങ്ങിയിട്ടുണ്ട്. ക്വിവെല്ലി റൂവെൻ മെട്രോപോളിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം പിഎസ്‌ജി നേടിയപ്പോൾ സെർജിയോ റാമോസ്, ദേയ്‌ദി ഗസാമ എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.