പുതിയ ഫോർമേഷനിലുള്ള പിഎസ്‌ജിയുടെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പങ്കു വെച്ച് ഗാൾട്ടിയർ

Christophe Galtier Reveals Impression Of PSG's New Tactical System
Christophe Galtier Reveals Impression Of PSG's New Tactical System / TOSHIFUMI KITAMURA/GettyImages
facebooktwitterreddit

ജാപ്പനീസ് ക്ലബായ കാവാസാക്കി ഫ്രന്റലിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ പിഎസ്‌ജിയുടെ പ്രകടനത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ. പുതിയ സീസണു മുന്നോടിയായി പിഎസ്‌ജി കളിച്ച രണ്ടാമത്തെ സൗഹൃദമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടിയിരുന്നു.

കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്‌തമായി 3-4-1-2 ശൈലിയിലാണ് ക്രിസ്റ്റഫെ ഗാൾട്ടിയർ പിഎസ്‌ജി ടീമിനെ ഇറക്കിയത്. കിലിയൻ എംബാപ്പെ, നെയ്‌മർ എന്നീ താരങ്ങൾ മുന്നേറ്റനിരയിലും അവർക്കു തൊട്ടു പിന്നിൽ ലയണൽ മെസിയും അണിനിരക്കുന്ന ഫോർമേഷനിൽ പിഎസ്‌ജി ഇറങ്ങിയപ്പോൾ അർജന്റീന താരം ഒരു ഗോൾ കണ്ടെത്തുകയും ചെയ്‌തിരുന്നു.

പുതിയ ഫോർമേഷനുമായി താരങ്ങൾ ഇനിയും ഇണക്കം വരാനുണ്ടെന്നാണ് പിഎസ്‌ജി പരിശീലകൻ പറയുന്നത്. താരതമ്യേനെ ദുർബലരായ ടീമായിരുന്നിട്ടു കൂടി പിഎസ്‌ജിയെ അവർ പലപ്പോഴും ബുദ്ധിമുട്ടിച്ചത് ശൈലിയുമായി പൂർണമായും ഒത്തുപോകാൻ കഴിയാത്തതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

"ഞങ്ങൾ 3-4-1-2 എന്ന പുതിയ ഫോർമേഷനിൽ കളിക്കുന്നതിനാൽ തന്നെ അതുമായി ഉൾച്ചേർന്നു പോകേണ്ടതുണ്ട്. ഞങ്ങൾക്ക് സന്തുലിതാവസ്ഥ നഷ്‌ടപ്പെട്ട് ഗോളിലേക്ക് വഴി തുറക്കുന്ന നിരവധി സന്ദർഭങ്ങളുണ്ടായി. വരാനിരിക്കുന്ന ആഴ്ച്ചകളിൽ ഇതു മാറ്റുകയെന്നത് വലിയ ജോലിയാണ്. ഒരുപാട് മുന്നേറ്റനിര താരങ്ങളുണ്ട്, അതിനൊപ്പം ശരിയായ ബാലൻസും കണ്ടെത്തണം."

"മത്സരത്തിൽ മാറ്റങ്ങൾ വരുന്ന സാഹചര്യത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാതിരിക്കാൻ ക്രമീകരണങ്ങളും പരിഹാരങ്ങളും വേഗത്തിൽ കണ്ടെത്തണം. ഇണങ്ങിച്ചേരൽ നിർബന്ധമാണ്. ആക്രമണനിരയിൽ വളരെ അപകടകരമായി തുടർന്നിട്ടു തന്നെ മറ്റൊരു പദ്ധതിയെ പ്രതിഫലിപ്പിക്കാൻ കഴിയും." എൽ എക്വിപ്പെയോട് ഗാൾട്ടിയർ പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.