Football in Malayalam

റൂഡിഗറിന് വന്‍ ഓഫറുമായി പി.എസ്.ജി; താരം മുൻഗണന നൽകുന്നത് റയല്‍ മാഡ്രിഡിലേക്ക് ചേക്കാറാന്‍

Haroon Rasheed
Chelsea v Tottenham Hotspur - Carabao Cup Semi Final First Leg
Chelsea v Tottenham Hotspur - Carabao Cup Semi Final First Leg / James Williamson - AMA/GettyImages
facebooktwitterreddit

ഫ്രഞ്ച് കരുത്തന്‍മാരായ പി.എസ്.ജി വന്‍തുക ഓഫര്‍ ചെയ്തിട്ടും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തില്‍ ചെൽസിയുടെ ജര്‍മന്‍ താരം അന്റോണിയോ റൂഡിഗര്‍. ഈ സീസണ്‍ അവസാനത്തോടെ ചെല്‍സിയുമായുള്ള റൂഡിഗറിന്റെ കരാര്‍ അവസാനിക്കുകയാണ്. അതിനെ തുടര്‍ന്ന് പി.എസ്.ജി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, യുവന്റസ് ടീമുകള്‍ താരത്തെ സ്വന്തമാക്കുന്നതിന് വേണ്ടി രംഗത്തുണ്ടായിരുന്നു.

തനിക്ക് വേണ്ടി രംഗത്തുള്ള ടീമുകളുടെ പ്രതിനിധികളെല്ലാം റൂഡിഗറുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കാറാനാണ് ജര്‍മന്‍ താരത്തിന് താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഓരോ സീസണിലും ഏകദേശം ആറു മില്യന്‍ യൂറോയുടെ ഡീലായിരുന്നു പി.എസ്.ജി റൂഡിഗറിന് വാഗ്ദാനം ചെയ്തിരുന്നതെന്ന് ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. റയല്‍ മാഡ്രിഡ് പി.എസ്.ജിയെക്കാളും കുറഞ്ഞ തുകയായിരുന്നു താരത്തിന് വാഗ്ദാനം ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക് ചേക്കേറാനാണ് റൂഡിഗറിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

ചെല്‍സിയുടെ ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തിലടക്കം വലിയ സംഭാവന നല്‍കിയ താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതിനുള്ള ശ്രമവും ബ്ലൂസ് നടത്തുന്നുണ്ട്.

കഴിഞ്ഞ മാസം ചെൽസി പരിശീലകന്‍ ടുഷേല്‍ റൂഡിഗറിനെ ടീമില്‍ നിലനിര്‍ത്തുമെന്ന രീതിയില്‍ സംസാരിച്ചിരുന്നു. 2017ല്‍ 29 മില്യന്‍ യൂറോക്കായിരുന്നു റൂഡിഗര്‍ ഇറ്റാലിയന്‍ ക്ലബായ എ.എസ് റോമിയല്‍ നിന്ന് ചെല്‍സിയിലെത്തിയത്. ചെല്‍സിക്കായി 176 മത്സരങ്ങളില്‍ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. സീസണില്‍ 27 മത്സരത്തില്‍ ചെല്‍സിക്കായി കളിച്ച റൂഡിഗര്‍ രണ്ട് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit