PSG

പണം വാരിയെറിയാൻ കഴിയില്ല, പിഎസ്‌ജിക്ക് ഈ സമ്മറിൽ ചിലവാക്കാൻ കഴിയുക എൺപതു മില്യൺ മാത്രം

Sreejith N
PSG Limited To Spending 80 Million On Signings
PSG Limited To Spending 80 Million On Signings / John Berry/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് വമ്പൻ താരങ്ങളെ കഴിഞ്ഞ സമ്മറിൽ വാരിക്കൂട്ടിയ പിഎസ്‌ജിക്ക് ഈ സമ്മർ ജാലകത്തിൽ ട്രാൻസ്‌ഫറുകൾക്കായി ആകെ ചിലവഴിക്കാൻ കഴിയുന്ന തുക എൺപതു മില്യൺ യൂറോ മാത്രമെന്ന് റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് അടുത്ത സീസണിലേക്കു ടീമിനെ ശക്തിപ്പെടുത്താൻ പിഎസ്‌ജിക്ക് വൻതുക ചിലവാക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയത്.

ആകെ ചിലവഴിക്കാൻ കഴിയുന്ന എൺപതു മില്യൺ യൂറോയിലെ മുപ്പത്തിയഞ്ചു മില്യൺ യൂറോ ഇക്കഴിഞ്ഞ സീസണിൽ ക്ലബിൽ ലോണിൽ കളിച്ച സ്പോർട്ടിങ് എസ്‌പിയുടെ പോർച്ചുഗീസ് ഫുൾ ബാക്കായ നൂനോ മെൻഡസിനെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ഉപയോഗിച്ചതിനാൽ അതിനു ശേഷം ബാക്കിയുള്ള തുക മാത്രമേ നിലവിൽ പിഎസ്‌ജിയുടെ കയ്യിലുള്ളൂ.

പരിശീലകസ്ഥാനത്തു നിന്നും പോച്ചട്ടിനോ പുറത്താകാനുള്ള സാധ്യത വർധിച്ചിരിക്കെ പിഎസ്‌ജിയുടെ ബഡ്‌ജറ്റ്‌ ഇനിയും കുറയുമെന്നുറപ്പാണ്. റിപ്പോർട്ടുകൾ പ്രകാരം 2023 വരെ കരാർ നിലനിൽക്കുന്ന മൗറീസിയോ പോച്ചട്ടിനോയെ പുറത്താക്കാൻ പത്തു മില്യൺ യൂറോയോളം പിഎസ്‌ജി നഷ്‌ടപരിഹാരമായി നൽകേണ്ടി വരും.

അതേസമയം ക്ലബിലെ താരങ്ങളെ വിൽക്കുന്നതനുസരിച്ച് പിഎസ്‌ജിയുടെ ട്രാൻസ്‌ഫർ ബഡ്‌ജറ്റ്‌ വർധിക്കുമെന്നത് അവർക്കു പ്രതീക്ഷയാണ്. നിരവധി താരങ്ങളെ വിൽക്കാനും പിഎസ്‌ജി പരിഗണിക്കുന്നുണ്ട്. പുതിയ സ്പോർട്ടിങ് ഡയറക്റ്ററായി ചുമതല ഏറ്റെടുത്ത ലൂയിസ് കാംപോസിനു മുന്നിലുള്ള പ്രധാന ചുമതല ഇതു നേരെ കൈകാര്യം ചെയ്യുക എന്നതായിരിക്കും. എങ്കിൽ മാത്രമേ പുതിയ താരങ്ങളെ അവർക്ക് സ്വന്തമാക്കാൻ കഴിയൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit