Football in Malayalam

ഫ്രഞ്ച് ലീഗ് കിരീടം നിർണയിക്കുക അവസാന മത്സരങ്ങൾ, പിഎസ്‌ജിയുടെ സാധ്യതകളിങ്ങനെ

Sreejith N
Paris Saint-Germain v Stade Reims - Ligue 1
Paris Saint-Germain v Stade Reims - Ligue 1 / Xavier Laine/Getty Images
facebooktwitterreddit

റെയിംസിനെതിരെ ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ പിഎസ്‌ജി വമ്പൻ വിജയം നേടിയതോടെ ഫ്രഞ്ച് ലീഗ് കിരീടം നിർണയിക്കപ്പെടുക അവസാന മത്സരത്തിൽ. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് പിഎസ്‌ജി സ്വന്തമാക്കിയത്. പത്താം മിനുട്ടിൽ തന്നെ റെയിംസ് താരം യൂനിസ് ചുവപ്പുകാർഡ് വാങ്ങി പുറത്തായ മത്സരത്തിൽ നെയ്‌മർ, എംബാപ്പെ, മാർക്വിന്യോസ്, കീൻ എന്നിവരാണ് പിഎസ്‌ജിയുടെ ഗോളുകൾ നേടിയത്.

അതേസമയം കിരീടപ്പോരാട്ടത്തിൽ പിഎസ്‌ജിക്ക് ഭീഷണിയുയർത്തുന്ന, ഒന്നാം സ്ഥാനക്കാരായ ലില്ലെ ലീഗിൽ പതിനൊന്നാം സ്ഥാനത്തുള്ള സെയിന്റ് എറ്റിയെന്നുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞത് പിഎസ്‌ജിയുടെ ഒന്നുകൂടി വർധിപ്പിച്ചിട്ടുണ്ട്. ഇന്നലെ നടന്ന മത്സരങ്ങൾക്കു മുൻപ് ഇരുടീമുകളും തമ്മിൽ മൂന്നു പോയിന്റിന്റെ വ്യത്യാസമുണ്ടായിരുന്നത് ഇപ്പോൾ ഒന്നായി കുറഞ്ഞിരിക്കുന്നു.

അടുത്ത മത്സരത്തിൽ പിഎസ്‌ജി വിജയം നേടുകയും ലില്ലെ സമനിലയെങ്കിലും വഴങ്ങുകയും ചെയ്‌താൽ കിരീടം നിലവിലെ ജേതാക്കൾക്ക് നിലനിർത്താൻ കഴിയും. അടുത്ത മത്സരത്തിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള ആംഗേഴ്‌സിനെ ലില്ലെ നേരിടുമ്പോൾ പതിനാറാം സ്ഥാനത്തുള്ള ബ്രെസ്റ്റോയ്‌സ് ആണ് പിഎസ്‌ജിയുടെ എതിരാളികൾ. ഇരുടീമുകൾക്കും എതിരാളികൾ ദുർബലരാണെങ്കിലും അത്ഭുതം സംഭവിക്കുമെന്നാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്.

അതേസമയം ഏതെങ്കിലും കാരണവശാൽ അവസാന മത്സരങ്ങളിൽ ലില്ലെ തോറ്റ് പിഎസ്‌ജി സമനിലയും വഴങ്ങി ഇരുടീമുകളും തമ്മിലുള്ള പോയിന്റ് നില ഒപ്പമായാലും പിഎസ്‌ജിക്ക് തന്നെയായിരിക്കും കിരീടം. രണ്ടു ടീമുകൾ ഒപ്പത്തിനൊപ്പം വന്നാൽ ഗോൾ വ്യത്യാസം നോക്കി മുൻ‌തൂക്കം തീരുമാനിക്കുന്ന ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിക്ക് വ്യക്തമായ മേധാവിത്വമുണ്ട്. അതുകൊണ്ടു തന്നെ അവസാന മത്സരത്തിൽ വിജയം നേടേണ്ടത് ലില്ലെക്ക് അനിവാര്യമാണ്.

നിലവിൽ ലില്ലെക്ക് 80ഉം പിഎസ്‌ജിക്ക് 79ഉം പോയിന്റാണുള്ളത്. ഇരുടീമുകളും അവസാന മത്സരത്തിൽ തോൽക്കുകയും 77 പോയിന്റുമായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന മൊണാക്കോ ഏഴു ഗോൾ വ്യത്യാസത്തിൽ വിജയിക്കുകയും ചെയ്‌താൽ അവർക്കും കിരീടം നേടാൻ കഴിയുമെന്നതും വസ്‌തുതയാണ്‌.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit