Football in Malayalam

സെര്‍ജിയോ റാമോസിന് പരുക്ക് ഉണ്ടായിരുന്നു എന്നറിഞ്ഞ് കൊണ്ടാണ് ടീമിലെത്തിച്ചത്; ലിയനാര്‍ഡോ

Haroon Rasheed
Entente Feignies-Aulnoye v Paris Saint-Germain - French Cup
Entente Feignies-Aulnoye v Paris Saint-Germain - French Cup / John Berry/GettyImages
facebooktwitterreddit

സ്പാനിഷ് താരം സെര്‍ജിയോ റാമോസിന് പരുക്ക് ഉണ്ടായിരുന്നു എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ടീമിലെത്തിച്ചതെന്ന് പി.എസ്.ജിയുടെ സ്‌പോര്‍ടിങ് ഡയറക്ടര്‍ ലിയനാര്‍ഡോ. എന്നാൽ, താരമില്ലാതെ നാലഞ്ച് മാസങ്ങൾ കളിക്കേണ്ടി വരുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും ലിയനാർഡോ വ്യക്തമാക്കി.

"നാലഞ്ച് മാസത്തോളം റാമോസില്ലാതെയാകും ഞങ്ങളെന്ന് പ്രതീക്ഷിച്ചിരുന്നില്ല. താരത്തിന് കഴിഞ്ഞ സീസണിൽ സംഭവിച്ച പരിക്കുകൾ ഉണ്ടായിരുന്നെന്നും, അത് ഞങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നെന്നും ക്ലബിന് അറിയാമായിരുന്നു. [ചില കാര്യങ്ങൾ] ഞങ്ങളെ ആശ്ചര്യപ്പെടുത്തി എന്നത് സത്യമാണ്," യൂറോപ്പ് 1ന് നല്‍കിയ അഭിമുഖത്തില്‍ ലിയനാര്‍ഡോ വ്യക്തമാക്കി.

"ചില ടെൻഷനുകളുണ്ടായിരുന്നു, പക്ഷെ ഞങ്ങൾക്ക് കഴിയാവുന്ന രീതിയിൽ ഞങ്ങൾ തയ്യാറെടുത്തു. പിന്നെ ഞങ്ങൾ അതിൽ നിന്ന് പിന്തിരിഞ്ഞു. പക്ഷെ, ഇപ്പോള്‍ അദ്ദേഹം ശരിയായ ട്രാക്കിലാണ്. സീസണിന്റെ രണ്ടാം പകുതിയില്‍ അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ടാവുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്," ലിയനാര്‍ഡോ കൂട്ടിച്ചേര്‍ത്തു.

പരിക്കിൽ നിന്ന് മുക്തനായ സെർജിയോ റാമോസ് നവംബർ അവസാനം നടന്ന സെന്റ് ഇറ്റിന്നെക്കെതിരെ നടന്ന മത്സരത്തിൽ പിഎസ്‌ജിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. പിഎസ്‌ജിക്ക് വേണ്ടി ഇത് വരെ രണ്ട് മത്സരങ്ങളിൽ മാത്രം കളത്തിലിറങ്ങിയിട്ടുള്ള റാമോസ്, ഇനിയങ്ങോട്ട് കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേ സമയം, പിഎസ്‌ജി പരിശീലകനാവാൻ മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാനെ തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ ലിയനാർഡോ തള്ളി. "സിദാനുമായോ അല്ലെങ്കിൽ മറ്റേതെങ്കിലും കോച്ചുമാരുമായോ ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങൾ ഒരിക്കലും സിദാനുമായി ബന്ധപ്പെട്ടിട്ടില്ല," ലിയനാർഡോ വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit