സിദാനെയും ആഴ്സൺ വെങ്ങറേയും ഒരുമിച്ച് ടീമിലെത്തിക്കാൻ പിഎസ്ജി ഒരുങ്ങുന്നു


പിഎസ്ജിയുടെ ഉടമസ്ഥാവകാശം ഖത്തർ ഏറ്റെടുത്തതിനു ശേഷം യൂറോപ്പിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി നേടിയെടുക്കാൻ അവർ പരിശ്രമിച്ചു കൊണ്ടേയിരിക്കയാണ്. വമ്പൻ താരങ്ങളെ ടീമിലെത്തിച്ചും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിയാത്ത പരിശീലകരെ മാറ്റിയും ചാമ്പ്യൻസ് ലീഗ് കിരീടമെന്ന ലക്ഷ്യം നിറവേറ്റാൻ അവർ ശ്രമം നടത്തുകയാണെങ്കിലും ഇതുവരെയും അതു സാധിച്ചിട്ടില്ല.
യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബെന്ന നേട്ടം കൈവരിക്കാൻ പുതിയ നീക്കവുമായി പിഎസ്ജി രംഗത്തെത്തിയെന്നാണ് നിലവിൽ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ ഫൂട്ട്മെർകാട്ടോയുടെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാനെയും മുൻ ആഴ്സണൽ പരിശീലകനായ ആഴ്സൺ വെങ്ങറെയും ഒരുമിച്ച് ടീമിലെത്തിക്കാനാണ് പിഎസ്ജി ഒരുങ്ങുന്നത്.
റയൽ മാഡ്രിഡ് വിട്ടതിനു ശേഷം മറ്റൊരു ക്ലബിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്ത സിനദിൻ അടുത്ത സീസണിൽ പിഎസ്ജിയിൽ എത്തുമെന്ന അഭ്യൂഹങ്ങൾ വളരെക്കാലമായി ഉയരുണ്ടെങ്കിലും അതിനൊപ്പം വെങ്ങറുടെ പേരും വരുന്നത് അപൂർവമാണ്. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലെപ്മെന്റിന്റെ ചീഫായ വെങ്ങറെ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്റ്റർ സ്ഥാനത്തേക്കാണ് പിഎസ്ജി പരിഗണിക്കുന്നത്.
നിലവിലെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോ ക്ലബിൽ നടത്തുന്ന ട്രാൻസ്ഫർ ആക്റ്റിവിറ്റികളിൽ നേതൃത്വത്തിനു പൂർണമായ തൃപ്തിയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കിലിയൻ എംബാപ്പെയുടെ കരാർ പുതുക്കാൻ കഴിയാതിരുന്നതും നിരവധി സൂപ്പർതാരങ്ങളെ ടീമിലെത്തിച്ചിട്ടും സ്ക്വാഡ് അപൂർണമായി തുടരുന്നതുമെല്ലാമാണ് ലിയനാർഡോയെ അനഭിമതനാക്കുന്നത്.
സിദാൻ പിഎസ്ജി പരിശീലകസ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യത ഉണ്ടെങ്കിലും ആഴ്സൺ വെങ്ങർ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ സ്ഥാനത്ത് എത്താനുള്ള സാധ്യത വളരെ കുറവാണ്. ഫിഫയുടെ മേധാവിയായി രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പെന്ന ആശയത്തിനു പിന്നിൽ പ്രവർത്തിക്കുന്ന വേങ്ങർ ആ [പ്രവർത്തനങ്ങൾ ഉപേക്ഷിച്ചേക്കില്ല. വെങ്ങറെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ടോട്ടനം സ്പോർട്ടിങ് ഡയറക്ടർ ഫാബിയോ പരാറ്റിസിയെയും പിഎസ്ജി പരിഗണിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.