Football in Malayalam

മധ്യനിരയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബ്രസീലിയൻ താരത്തെ ടീമിലെത്തിക്കാൻ പിഎസ്‌ജി ഒരുങ്ങുന്നു

Sreejith N
Brazil Training Session
Brazil Training Session / Alexandre Schneider/GettyImages
facebooktwitterreddit

നിരവധി വർഷങ്ങളായി മധ്യനിര പിഎസ്‌ജിയെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്. മാർക്കോ വെറാറ്റിയെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന പിഎസ്‌ജി മധ്യനിര ഒട്ടും ക്രിയാത്മകത പുലർത്തുന്നില്ലെന്ന വിമർശനം ഇപ്പോൾ ശക്തമാണ്. ലയണൽ മെസി, എംബാപ്പെ, നെയ്‌മർ തുടങ്ങിയ മുന്നേറ്റനിര ഉണ്ടെങ്കിലും അവർക്ക് കൃത്യമായി പന്തെത്തിക്കാൻ കഴിയുന്ന മികച്ചൊരു മധ്യനിര ഉണ്ടെങ്കിൽ പിഎസ്‌ജിക്ക് യൂറോപ്പിലെ ഏറ്റവും മികച്ച ശക്തിയാവാൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.

മധ്യനിരയിൽ കുറച്ചു കാലമായി തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങൾ പിഎസ്‌ജി ആരംഭിച്ചുവെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ പുറത്തു വിട്ടതു പ്രകാരം ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിയുടെ പ്രധാന എതിരാളികളായ ലിയോണിന്റെ ബ്രസീലിയൻ മധ്യനിര താരമായ ലൂക്കാസ് പക്വറ്റയെയാണ് പിഎസ്‌ജി ഇതിന്റെ ഭാഗമായി അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

പിഎസ്‌ജി സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോയുടെ താൽപര്യമാണ് ലൂക്കാസ് പക്വറ്റക്കു വേണ്ടി പിഎസ്‌ജി രംഗത്തു വരാൻ കാരണമായിരിക്കുന്നത്. ലിയനാർഡോ എസി മിലാൻ ഡയറക്റ്റർ ആയിരുന്ന സമയത്താണ് പക്വറ്റയെ ബ്രസീലിൽ നിന്നും യൂറോപ്പിലെത്തിക്കുന്നത്. എന്നാൽ ഇറ്റലിയിൽ തിളങ്ങാൻ കഴിയാതെ പോയതിനെ തുടർന്ന് ഇരുപത്തിനാലുകാരനായ താരം ലിയോണിലേക്ക് ചേക്കേറുകയായിരുന്നു.

എസി മിലാനിൽ 44 മത്സരങ്ങൾ കളിച്ചെങ്കിലും ഒരു ഗോൾ മാത്രമേ പക്വറ്റക്ക് നേടാൻ കഴിഞ്ഞിട്ടുള്ളൂ. അതേസമയം ലിയോണിൽ എത്തിയതിനു ശേഷം 56 മത്സരങ്ങൾ കളിച്ച ബ്രസീലിയൻ താരം 17 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ലീഗ് വണിന്റെ ശൈലിയുമായി താരം എളുപ്പത്തിൽ ഇണങ്ങിച്ചേർന്നത് പിഎസ്‌ജിക്ക് ഗുണമാണ്. നെയ്‌മറുമായി അടുത്ത ബന്ധമുള്ളതും താരം പിഎസ്‌ജിയിലെത്താനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit