റൊണാൾഡോയുടെ ഏജന്റുമായി ബന്ധപ്പെട്ട് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്റ്റർ

PSG Is In Contacts With Cristiano Ronaldo's Agent Jorge Mendes
PSG Is In Contacts With Cristiano Ronaldo's Agent Jorge Mendes / Soccrates Images/GettyImages
facebooktwitterreddit

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുമിച്ചൊരു ടീമിൽ കളിക്കുകയെന്ന ആരാധകരുടെ സ്വപ്‌നം സാധ്യമാകാൻ വീണ്ടും അവസരമൊരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്ന പോർച്ചുഗീസ് താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പോർച്ചുഗീസ് ജേർണലിസ്റ്റായ പെഡ്രോ അൽമേഡയുടെ റിപ്പോർട്ട് പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസും പിഎസ്‌ജിയുടെ പുതിയ സ്പോർട്ടിങ് ഡയറക്റ്റർ ലൂയിസ് കംപോസും തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തന്നെയാണ് ഇരുവരും നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ ടൂറിനുള്ള 31 അംഗ ടീമിൽ നിന്നും റൊണാൾഡോയെ ഒഴിവാക്കിയിരുന്നു. താരം ക്ലബ് വിടാനുള്ള സാധ്യതകൾ ഇതോടെ വളരെയധികം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റൊണാൾഡോയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പിഎസ്‌ജി ആരംഭിച്ചതെന്ന് പെഡ്രോ അൽമേഡയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇതുവരെയും പരിശീലനത്തിനായി ചേർന്നിട്ടില്ലാത്ത റൊണാൾഡോ അതിനു പിന്നാലെയാണ് പ്രീ സീസൺ ടൂറിൽ നിന്നും ഒഴിവാക്കപ്പെട്ടത്. കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് താരത്തെ ഒഴിവാക്കിയതെന്ന് ക്ലബ് നേതൃത്വം അറിയിച്ചെങ്കിലും റൊണാൾഡോ ക്ലബ് വിടാനുള്ള സാധ്യതയിലേക്കു തന്നെയാണ് അതു വിരൽ ചൂണ്ടുന്നത്.

പിഎസ്‌ജി കൂടി രംഗത്തു വരുന്നതോടെ റൊണാൾഡോക്കു വേണ്ടിയുള്ള പോരാട്ടം ഒന്നുകൂടി മുറുകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ, ചെൽസി, നാപ്പോളി എന്നീ ക്ലബുകൾക്ക് താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.