പ്രെസ്‌നൽ കിംപെമ്പെ ക്ലബ് വിടുകയാണെങ്കിൽ താരത്തിന് പകരക്കാരനെ കണ്ടെത്തി പിഎസ്‌ജി
By Vaisakh. M

പ്രതിരോധതാരം പ്രെസ്നെൽ കിംപെമ്പെ ഈ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുകയാണെങ്കിൽ പകരക്കാരനുവേണ്ടിയുള്ള ശ്രമങ്ങൾ പിഎസ്‌ജി ആരംഭിച്ചതായി റിപ്പോർട്ട്. പിഎസ്‌ജിയുമായി 2 വർഷം കൂടി കരാർ നിലനിൽക്കുന്നുണ്ടെങ്കിലും താരത്തിൽ മറ്റു ക്ലബുകൾക്ക് താത്പര്യമുള്ളതായി റിപ്പോർട്ടുകളുണ്ട്.
കിംപെമ്പെ ക്ലബ്ബ് വിടുകയാണെങ്കിൽ പകരക്കാരനായി ടർക്കിഷ് ക്ലബ്ബ് ഫെനെർബാഷേയുടെ ഹങ്കേറിയൻ പ്രതിരോധതാരം അറ്റില സലായിനെയാണ് പിഎസ്‌ജിനോട്ടമിട്ടിരിക്കുന്നതെന്ന് ടർക്കിഷ് മാധ്യമമായ ഫനാട്ടിക്കിനെ ഉദ്ധരിച്ചു കൊണ്ട് ഇൻസൈഡ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 24കാരനായ സലായിക്ക് പിറകെ ന്യൂകാസിൽ യുണൈറ്റഡുമുണ്ടെന്ന് മറ്റൊരു ടർക്കിഷ് മാധ്യമമായ എൻ സോൺ ഹാബറെ ഉദ്ധരിച്ചും ഇൻസൈഡ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നു.
തങ്ങളുടെ മറ്റൊരു ലക്ഷ്യമായ ലില്ലേ താരം സ്വെൻ ബോട്ട്മാനുമായുള്ള ഡീൽ അനിശ്ചിതാവസ്ഥയിലായതിനെ തുടർന്നാണ്
ന്യൂകാസിലിന്റെ ശ്രദ്ധ സലായിലേക്ക് തിരിഞ്ഞത്. ലില്ലേ താരം ബോട്ട്മാനു പിറകെ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനും രംഗത്തുണ്ട്.
സലായ്ക്കു വേണ്ടി പിഎസ്‌ജി കൂടി കളത്തിലിറങ്ങിയതോടെ, താരത്തെ സ്വന്തമാക്കാൻ ന്യൂകാസിൽ കൂടുതൽ കഷ്ടപ്പെടേണ്ടി വന്നേക്കും. അതേ സമയം, ടർക്കിഷ് മാധ്യമമായ ഫനാട്ടിക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം 15 മില്യൺ യൂറോയുടെ പിഎസ്‌ജി നടത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ ഫെനെർബാഷേക്കായി 42 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ സലായ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.