Football in Malayalam

ബാഴ്‌സലോണ ലക്ഷ്യമിട്ട ജർമൻ താരത്തിന്റെ ഏജന്റുമായി പിഎസ്‌ജി ചർച്ചകൾ നടത്തി

Sreejith N
Germany v Romania - 2022 FIFA World Cup Qualifier
Germany v Romania - 2022 FIFA World Cup Qualifier / Boris Streubel/GettyImages
facebooktwitterreddit

ബാഴ്‌സലോണയും പിഎസ്‌ജിയും തമ്മിൽ ട്രാൻസ്‌ഫർ മാർക്കറ്റിൽ നടന്നു കൊണ്ടിരിക്കുന്ന ശീതസമരം ഫുട്ബോൾ ആരാധകരിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. നെയ്‌മറെ കൂറ്റൻ റിലീസ് ക്ളോസ് നൽകി സ്വന്തമാക്കിയതു മുതൽ മാർക്കോ വെറാറ്റിയെ വിട്ടു കൊടുക്കാൻ തയ്യാറാവാതിരുന്നതും ലയണൽ മെസി, ജോർജിനോ വൈനാൾഡാം എന്നിവരെ ഈ സമ്മറിൽ സ്വന്തമാക്കിയതെല്ലാം അതിന്റെ ഭാഗമാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ ബാഴ്‌സലോണ നോട്ടമിട്ടിരിക്കുന്ന മറ്റൊരു താരത്തിൽ കൂടി പിഎസ്‌ജിയുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌പോർട് വൺ പുറത്തു വിട്ട റിപ്പോർട്ടു പ്രകാരം ബാഴ്‌സലോണ ജനുവരിയിൽ സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിന്റെ താരമായ കരിം അദെയാമിയുടെ ഏജന്റുമായി പിഎസ്‌ജി ചർച്ചകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

യൂറോപ്യൻ ഫുട്ബോളിൽ നിലവിൽ ശ്രദ്ധയാകർഷിക്കുന്ന പ്രകടനമാണ് ജർമൻ സ്‌ട്രൈക്കറായ അദെയാമി നടത്തുന്നത്. ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്നും പതിനഞ്ചു ഗോളുകൾ നേടിയ താരത്തിനു ജർമൻ ടീമിലേക്ക് വിളി വരികയും ചെയ്‌തിരുന്നു. അർമേനിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ താരം ഒരു ഗോൾ കണ്ടെത്തുകയും ചെയ്‌തു.

കഴിഞ്ഞയാഴ്‌ച ബാഴ്‌സലോണ താരത്തിന്റെ ഏജന്റായ മാൻഫ്രഡ്‌ ഷ്വാബലുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതേതുടർന്ന് ജർമൻ സ്‌ട്രൈക്കർ ജനുവരിയിൽ കാറ്റലൻ ക്ലബിലെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ അതിനു പിന്നാലെ കഴിഞ്ഞ ദിവസം പിഎസ്‌ജിയും അദെയാമിയുടെ ഏജന്റുമായി ചർച്ചകൾ നടത്തിയെന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് ഒട്ടും ആശ്വാസകരമായ വാർത്തയല്ല.

സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ബാഴ്‌സലോണയെക്കാൾ ശക്തി ട്രാൻസ്‌ഫർ മാർക്കറ്റിൽ കാണിക്കാൻ പിഎസ്‌ജിക്കു കഴിയും എന്നതു കൊണ്ടു തന്നെ അദെയാമിയെ സ്വന്തമാക്കാനുള്ള സാധ്യത ഫ്രഞ്ച് ക്ലബിനു തന്നെയാണ് കൂടുതൽ. ഏതാണ്ട് നാൽപതു മില്യൺ യൂറോയോളം മൂല്യം കൽപ്പിക്കപ്പെടുന്ന താരത്തിനായി പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളും രംഗത്തുണ്ട്.


facebooktwitterreddit