റയൽ മാഡ്രിഡിനോടേറ്റ ചാമ്പ്യൻസ് ലീഗ് തോൽവിയുടെ ഓർമ്മകൾ മറക്കാൻ മനഃശാസ്ത്രജ്ഞനെ നിയമിച്ച് പിഎസ്‌ജി
By Sreejith N

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോടു വഴങ്ങിയ അപ്രതീക്ഷിത തോൽവിയുടെ ഓർമ്മകൾ മറക്കാനും ഈ സീസണിൽ ചാമ്പ്യൻസ് ലീഗടക്കം സാധ്യമായ കിരീടങ്ങൾ നേടാനുള്ള ആത്മവിശ്വാസം നൽകാനും ഫ്രഞ്ച് ക്ലബായ പിഎസ്‌ജി മനഃശാസ്ത്രജ്ഞനെ നിയമിച്ചുവെന്നു റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് പിഎസ്‌ജി റയൽ മാഡ്രിഡിനോടു തോൽവി വഴങ്ങിയത്. ആദ്യപാദത്തിൽ ഒരു ഗോളിന് വിജയിച്ച പിഎസ്‌ജി രണ്ടാം പാദത്തിന്റെ ഭൂരിഭാഗം സമയത്തും മുന്നിലായിരുന്നു എങ്കിലും അതിനു ശേഷം റയലിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ അടിയറവു പറയുകയായിരുന്നു.
റയൽ മാഡ്രിഡിനോടേറ്റ തോൽവി പിഎസ്‌ജി താരങ്ങളെ വളരെ ബാധിച്ചിരുന്നു. നിരവധി താരങ്ങൾ അതിന്റെ നിരാശ പിന്നീട് വ്യക്തമാക്കുകയും ചെയ്‌തു. പുതിയ സീസൺ വരാനിരിക്കെ ആ തോൽവിയുടെ നിരാശയെ മറികടന്ന് താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ സ്പോർട്ടിങ് ഡയറക്റ്റർ ലൂയിസ് കാംപോസിന്റെ നിർദ്ദേശപ്രകാരമാണ് മനഃശാസ്ത്രജ്ഞനെ നിയമിച്ചിരിക്കുന്നത്.
പിഎസ്‌ജി ടീമിനെ അടിമുടി മാറ്റിയെടുക്കാൻ ലൂയിസ് കാമ്പോസ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടീമിലേക്ക് പുതിയ മനഃശാസ്ത്രജ്ഞനെ പിഎസ്‌ജി നിയമിച്ചിരിക്കുന്നത്. ഇതിനു പുറമെ ടീമിൽ നിരവധി മാറ്റങ്ങൾ വരുത്തുകയും പുതിയ പരിശീലകനെ നിയമിക്കുകയും ചെയ്‌ത പിഎസ്‌ജി വളരെ പ്രതീക്ഷയോടെയാണ് സീസണിനായി ഒരുങ്ങുന്നത്.