പിഎസ്ജിയിൽ മെസി, നെയ്മർ, എംബാപ്പെ സഖ്യത്തെ മികച്ചതാക്കാനുള്ള പദ്ധതികളെക്കുറിച്ച് പോച്ചട്ടിനോ


സമകാലിക ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര പിഎസ്ജിക്ക് സ്വന്തമാണെങ്കിലും അവർ ഒരുമിച്ചിറങ്ങിയ മത്സരങ്ങളിലൊന്നും ടീം മികച്ച പ്രകടനം നടത്തിയെന്നു കരുതാൻ കഴിയില്ല. മെസി, നെയ്മർ, എംബാപ്പെ സഖ്യം ഇതുവരെ രണ്ടു മത്സരങ്ങളിൽ ഒരുമിച്ചിറങ്ങിയപ്പോൾ ഒരെണ്ണത്തിൽ സമനിലയും മറ്റൊന്നിൽ അവസാന നിമിഷം പകരക്കാരൻ ഇകാർഡി നേടിയ ഗോളിൽ വിജയവും ആയിരുന്നു പിഎസ്ജി സ്വന്തമാക്കിയത്.
എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിഭയുള്ള മൂന്നു താരങ്ങളെ എങ്ങിനെ ടീമിനു വേണ്ടി ഉപയോഗിക്കാമെന്ന കാര്യത്തിൽ പരിശീലകൻ പോച്ചട്ടിനോക്ക് ആശങ്കയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. കൂടുതൽ മത്സരങ്ങളിലൂടെ താരങ്ങൾ തമ്മിൽ ഒത്തിണക്കം വന്നാൽ അതു പരിഹരിക്കാമെന്നും മുന്നേറ്റനിരക്കൊപ്പം മറ്റു ഭാഗങ്ങളിലും മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"സമയവും പരിശീലനവും ഈ മൂന്നു താരങ്ങൾക്കും പരസ്പരം മനസിലാക്കാനും മികച്ച പ്രകടനം നടത്താനും ആവശ്യമാണ്. മുന്നേറ്റനിരയിലെ മൂന്നു താരങ്ങളല്ല പ്രശ്നം, മറ്റെല്ലാ മേഖലകളിലും ഞങ്ങൾ കരുത്തുറ്റതായിരിക്കണം. മുന്നേറ്റനിര താരങ്ങളുടെ ഡിഫൻസീവ് വർക്കിൽ ഞാൻ സംതൃപ്തനാണ്, നല്ല കാര്യങ്ങൾ പലതും ഞാൻ കണ്ടു." ബ്രൂഗേക്കെതിരായ മത്സരത്തിനു ശേഷം പോച്ചട്ടിനോ പറഞ്ഞു.
മെറ്റ്സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനു മുൻപ് മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ എംഎൻഎം ത്രയത്തെപ്പറ്റി പോച്ചട്ടിനോ പറഞ്ഞത് ഇങ്ങിനെയായിരുന്നു. "കാലക്രമേണയും പരിശീലനത്തിലൂടെയും അവർ സ്വാഭാവികമായ ചലനങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. പരിശീലിക്കാൻ മാത്രമല്ല, കളിക്കുന്നതിനു വേണ്ടിയും ഞങ്ങൾ ഒത്തുചേരണം."
"ലിയോണിനെതിരെ ഞങ്ങൾ 4-3-3 എന്ന ശൈലിയിൽ നിന്നും 4-2-3-1 എന്ന ശൈലിയിലേക്ക് പോയിയെന്നതു ശരിയാണ്. അതുകൊണ്ടു തന്നെ പൊസിഷൻ, മത്സരത്തിന്റെ ഭാഗമാകൽ, കളിക്കുന്നതിലെ ഓർഗനൈസേഷനു സമയമെടുക്കുന്നത് മുതലായവയെക്കുറിച്ച് ചോദ്യങ്ങൾ വരും. മെസി-നെയ്മർ, മെസി-ഡി മരിയ എന്നിവർക്കു നേരത്തെ അറിയാവുന്നതു പോലെ അവരുമായി എംബാപ്പയെയും ഒത്തിണക്കി എടുക്കേണ്ടതാണ്."
"പക്ഷെ ലിയോണിനെതിരായ മത്സരത്തിൽ ഞങ്ങൾ കാണിച്ച മെച്ചപ്പെടലും മുന്നോട്ടു പോക്കും വളരെയധികം സന്തോഷം തരുന്നു." പോച്ചട്ടിനോ കൂട്ടിച്ചേർത്തു. അതേസമയം മെസിക്ക് പരിക്ക് പറ്റി സ്ക്വാഡിൽ നിന്നും പുറത്തായതിനാൽ എംഎൻഎം ത്രയം മെറ്റ്സിനെതിരെ കളിക്കാനിറങ്ങില്ല.