മാഞ്ചസ്റ്റർ സിറ്റി-പിഎസ്ജി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ? അറിയേണ്ടതെല്ലാം...

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ബുധനാഴ്ച പുലർച്ചെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി പി എസ് ജിക്ക് ആവേശം പകർന്ന് പരിശീലന മൈതാനത്തേക്കുള്ള ലയണൽ മെസിയുടെ തിരിച്ചു വരവ്. ലിയോണിനെതിരെ കഴിഞ്ഞയാഴ്ച നടന്ന ലീഗ് വൺ മത്സരത്തിനിടെ ഇടത് കാൽമുട്ടിന് പരിക്കേറ്റ മെസിക്ക് ഇതേത്തുടർന്ന് ക്ലബ്ബിന്റെ അവസാന രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ പരിക്കിനെത്തുടർന്നുള്ള വിശ്രമത്തിന് ശേഷം ഇന്ന് ടീമിനൊപ്പം ചേർന്ന മെസി പരിശീലന സെഷനിൽ പൂർണമായും പങ്കെടുക്കുകയായിരുന്നു.
മികച്ച ഫിറ്റ്നസിലേക്ക് തിരിച്ചെത്തിയ മെസി മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി എസ് ജി നിരയിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മെസിയെപ്പോലൊരു താരം സിറ്റിക്കെതിരെ കളിക്കാനുണ്ടാകുമെന്നത് മത്സരത്തിന് മുൻപ് പിഎസ് ജിക്ക് നൽകുന്ന ആത്മവിശ്വാസവും, ഊർജ്ജവും ചെറുതല്ല.
വരുന്ന ചൊവ്വാഴ്ച പരിക്കേറ്റ കാൽമുട്ടിൽ മെസി കൂടുതൽ പരിശോധനകൾക്ക് വിധേയമാകുമെന്ന് ഫ്രഞ്ച് മാധ്യമമായ ആർ എം സി സ്പോർട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പരിശോധനാഫലങ്ങൾ തങ്ങൾക്ക് ശുഭകരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് പിഎസ് ജി ആരാധകർ.
അതേ സമയം മെസിക്കൊപ്പം മാർക്കോ വെറാറ്റിയും ഇന്ന് പരിശീലന മൈതാനത്തേക്ക് മടങ്ങിയെത്തി എന്നത് ചാമ്പ്യൻസ് ലീഗിലെ വമ്പൻ പോരാട്ടത്തിന് മുൻപ് പിഎസ് ജിക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. ഇറ്റലിക്കൊപ്പം അന്താരാഷ്ട്ര ഡ്യൂട്ടിയിലായിരിക്കവെ പരിക്കേറ്റിരുന്ന വെറാറ്റിയും, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പി എസ് ജി നിരയിലുണ്ടാകുമെന്നാണ് സൂചനകൾ. ഇത് ടീമിന്റെ മധ്യനിരയുടെ ശക്തി വർധിപ്പിക്കും.
അതേ സമയം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇക്കുറി ഫുട്ബോൾ ലോകം ഏറ്റവുമധികം കാത്തിരിക്കുന്ന പോരാട്ടങ്ങളിലൊന്നാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ് ജിയും, ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ളത് ഈ മാസം 29ന് ഇന്ത്യൻ സമയം പുലർച്ചെ 12.30 നാണ് മത്സരത്തിന്റെ കിക്കോഫ്. ചാമ്പ്യൻസ് ലീഗിൽ ഇക്കുറി ഏറ്റവുമധികം കിരീട സാധ്യതകളുള്ള രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം പൊടിപാറുമെന്ന കാര്യം ഉറപ്പ്. ഇരു ടീമുകളും സൂപ്പർ താരങ്ങളാൽ നിറഞ്ഞതാണെന്നതിൽ പി എസ് ജി-മാഞ്ചസ്റ്റർ സിറ്റി പോരാട്ടത്തിന് ഒരു ത്രില്ലർ സിനിമയുടെ ആവേശമുണ്ടാകും.
ചാമ്പ്യൻസ് ലീഗിൽ ഇക്കുറി ഗ്രൂപ്പ് എ യിലാണ് മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി ടീമുകൾ കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച ആദ്യ മത്സരം ജയിച്ച മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന പി എസ് ജിയാകട്ടെ പോയിന്റ് ടേബിളിൽ രണ്ടാമതാണുള്ളത്.