Football in Malayalam

മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പിഎസ്‌ജി ഉപേക്ഷിച്ചു

Sreejith N
Levante UD v FC Barcelona - La Liga Santander
Levante UD v FC Barcelona - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

ജൂൺ മാസം അവസാനിച്ചതോടെ ബാഴ്‌സ കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ലയണൽ മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി ആരംഭിച്ചിരുന്നു. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധികൾ മൂലം താരത്തിന് പുതിയ കരാർ നൽകാൻ തടസങ്ങൾ നേരിട്ടത് പിഎസ്‌ജിക്ക് ശുഭപ്രതീക്ഷകൾ നൽകുകയും ചെയ്‌തു.

ബാഴ്‌സലോണ നായകനെ സ്വന്തമാക്കാനുള്ള ആഗ്രഹം പിഎസ്‌ജി നേതൃത്വം മുൻപു തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. അതിനുള്ള ശ്രമങ്ങൾ അവർ നടത്തിയെങ്കിലും നിലവിൽ മെസിയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ അവർ ഉപേക്ഷിച്ചുവെന്നാണ് ഫ്രഞ്ച് മാധ്യമമായ ലാ പാരിസിയൻ റിപ്പോർട്ടു ചെയ്യുന്നത്. ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ് ഈ വാർത്ത.

മെസിയുടെ കരാർ പുതുക്കുന്നതിന് ബാഴ്‌സലോണ നേരിടുന്ന പ്രധാന പ്രശ്‌നം ക്ലബിന്റെ വേതനബില്ലാണ്. ലാ ലിഗ ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചതോടെ നിലവിലുള്ള താരങ്ങളുടെ വേതനം കുറക്കുകയോ വേതനബിൽ കുറക്കുകയോ ചെയ്‌താൽ മാത്രമേ മെസിയെ വീണ്ടും സ്വന്തമാക്കാൻ കഴിയുകയുള്ളൂ.

അതേസമയം പുതിയ നിരവധി താരങ്ങളെ സ്വന്തമാക്കിയതിന്റെ ഭാഗമായാണ് പിഎസ്‌ജി മെസി ട്രാൻസ്ഫറിൽ നിന്നും പിന്മാറിയതെന്നാണ് അനുമാനിക്കേണ്ടത്. വൈനാൾടം, സെർജിയോ റാമോസ് എന്നീ താരങ്ങളെ സ്വന്തമാക്കിയ ഫ്രഞ്ച് ക്ലബ് ഡോണറുമ്മയെയും അടുത്തു തന്നെ ടീമിന്റെ ഭാഗമാകുന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കും.

നിലവിൽ ടീമിലെത്തിയ താരങ്ങൾക്കു പുറമെ നെയ്‌മർ, എംബാപ്പെ, ഡി മരിയ, വെറാറ്റി, മാർക്വിന്യോസ്, ഇകാർഡി തുടങ്ങിയ സൂപ്പർതാരങ്ങളുള്ള പിഎസ്‌ജിക്ക് മെസിയെ സ്വന്തമാക്കുക അപ്രാപ്യം തന്നെയാണ്. അതേസമയം മെസിയുടെ പുതിയ ബാഴ്‌സ കരാറുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഈ മാസം തന്നെ പരിഹരിക്കപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

facebooktwitterreddit