Football in Malayalam

എംബാപ്പെയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമിയിൽ കളിക്കുന്ന‌ കാര്യം സംശയത്തിൽ

Gokul Manthara
Paris Saint-Germain v Manchester City  - UEFA Champions League Semi Final: Leg One
Paris Saint-Germain v Manchester City - UEFA Champions League Semi Final: Leg One / Alex Grimm/Getty Images
facebooktwitterreddit

കാൽവണ്ണയ്ക്ക് പരിക്കേറ്റ പി എസ് ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെ, അടുത്തയാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന‌ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലിൽ കളിക്കുന്ന കാര്യം സംശയത്തിൽ. ലെൻസുമായി നടക്കാനിരിക്കുന്ന ലീഗ് 1 പോരാട്ടത്തിന് മുന്നോടിയായി പുറത്ത് വിട്ട സ്ക്വാഡ് അപ്പ്ഡേറ്റിലാണ് താരം പരിക്കിന്റെ പിടിയിലാണെന്ന വിവരം പി എസ് ജി പുറത്ത് വിട്ടത്. എന്നാൽ എത്ര നാൾ അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല‌.

ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട പി എസ് ജി,‌ രണ്ടാം പാദ സെമിയിൽ മികച്ച തിരിച്ചുവരവ് നടത്തി കലാശപ്പോരാട്ടത്തിലേക്ക് മാർച്ച് ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ‌. അതിനിടെയാണ് അവരുടെ പ്രധാന താരമായ എംബാപ്പെയ്ക്ക് പരിക്കേറ്റിരിക്കുന്നത്‌‌. ഇതേത്തുടർന്ന് ഇന്ന് ലെൻസിനെതിരെ നടക്കാനിരിക്കുന്ന ലീഗ് മത്സരം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായ താരത്തിന്, ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലും കളിക്കാനാവില്ലെന്നാണ് പുറത്ത് വരുന്ന‌ സൂചനകൾ.

അതേ സമയം ലെൻസിനെതിരായ ലീഗ് മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ പി എസ് ജി പരിശീലകൻ മൗറീസിയോ പൊച്ചട്ടീനോ എംബാപ്പെയുടെ പരിക്കിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. താരത്തിന് സംഭവിച്ചിരിക്കുന്നത് ഗുരുതര പരിക്കല്ലെന്നും, അദ്ദേഹം ഉടൻ തന്നെ കളിക്കളത്തിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞ പൊച്ചട്ടീനോ, എംബാപ്പെ തങ്ങളുടെ ഏറ്റവും പ്രധാന താരമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ചാമ്പ്യൻസ് ലീഗിൽ ഇക്കുറി കളിച്ച 10 മത്സരങ്ങളിൽ 8 ഗോളുകളും 3 അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം. എന്നാൽ വലിയ പ്രതീക്ഷകളുമായി മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യ പാദ സെമിയിൽ കളിക്കാനിറങ്ങിയെങ്കിലും മങ്ങിയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്‌.

facebooktwitterreddit