ഇന്റർനാഷണൽ ബ്രേക്ക് അടുത്തിരിക്കെ മെസിയുടെ ഫിറ്റ്നസിൽ പിഎസ്‌ജിക്ക് ആശങ്ക

Paris Saint-Germain v AS Monaco - Ligue 1
Paris Saint-Germain v AS Monaco - Ligue 1 / John Berry/GettyImages
facebooktwitterreddit

പുതിയ വർഷം പിഎസ്‌ജിയെ സംബന്ധിച്ച് അത്ര മികച്ച രീതിയിലല്ല തുടങ്ങിയിരിക്കുന്നത്. ലിയോണിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ടീമിനു താരങ്ങൾ തമ്മിൽ കളിക്കളത്തിൽ ഇനിയും ഒത്തിണക്കം കാണിക്കാത്തതും പലർക്കും കോവിഡ് ബാധിച്ചതുമെല്ലാം തിരിച്ചടി നൽകുന്നുണ്ട്. അതിനൊപ്പം ടീമിലെ സൂപ്പർതാരമായ ലയണൽ മെസിയുടെ ഫിറ്റ്നസിനെ കുറിച്ചുള്ള ആശങ്കയും ഇപ്പോൾ ഉയർന്നു വരുന്നു.

ക്രിസ്‌മസ്‌ ഇടവേളയിൽ മെസിക്ക് കോവിഡ് ബാധിച്ചെങ്കിലും ഉടൻ തന്നെ നെഗറ്റിവായ താരം ഫ്രാൻസിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ലിയോണിനെതിരെ നടന്ന ലീഗ് മത്സരത്തിൽ താരത്തിന് ഫിറ്റ്നസ് വീണ്ടെടുക്കാത്തതു മൂലം പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഈ വാരാന്ത്യത്തിൽ ബ്രെസ്റ്റിനെതിരെ നടക്കുന്ന മത്സരത്തിലും താരം ഇറങ്ങാൻ സാധ്യത കുറവാണ്.

ലെ പാരിസിയന്റെ റിപ്പോർട്ടുകൾ പ്രകാരം ഫിറ്റ്നസ് പ്രശ്‌നങ്ങൾ ഉള്ള മെസിയോട് പരിശീലനത്തിലും മറ്റും ഒരു ശാന്തമായ സമീപനം സ്വീകരിക്കാൻ പിഎസ്‌ജിയുടെ മെഡിക്കൽ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്ക് അടുത്തിരിക്കെ മെസി അർജന്റീന ടീമിനു വേണ്ടി കളിക്കുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങളും പിഎസ്‌ജി നടത്തുന്നു. മെസിയെ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തരുതെന്ന് പിഎസ്‌ജി അർജന്റീന ഫുട്ബോൾ അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 24 മുതൽ ഫെബ്രുവരി 2 വരെയാണ് ഇന്റർനാഷണൽ ബ്രേക്ക് നടക്കുന്നത്. അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചതിനാൽ മെസിയെ ടീമിൽ എന്തായാലും ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത മാസം റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരം നടക്കാനിരിക്കെ മെസിയെ വെച്ചൊരു സാഹസത്തിനു മുതിരാൻ പിഎസ്‌ജിക്ക് താൽപര്യമില്ല.

അതേസമയം താൻ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് മെസി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ ബുദ്ധിമുട്ടുകളിൽ നിന്നും മുക്തനായെന്ന് അവകാശപ്പെട്ട താരം എന്നാണ് കളത്തിലിറങ്ങുകയെന്നു പക്ഷെ വ്യക്തമല്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.