ലിവർപൂൾ വിടുകയാണെങ്കിൽ മാനെയെ സ്വന്തമാക്കാൻ സാധ്യത പിഎസ്‌ജിക്ക്

PSG Favorites To Sign Sadio Mane
PSG Favorites To Sign Sadio Mane / Marc Atkins/GettyImages
facebooktwitterreddit

ഈ സീസണിൽ മികച്ച ഫോമിലാണെങ്കിലും ലിവർപൂളിനെ സംബന്ധിച്ച് അവരുടെ മുന്നേറ്റനിര താരങ്ങളുടെ കരാർ അവസാനിക്കുന്നത് വലിയൊരു പ്രതിസന്ധിയാണ്. നേരത്തെ ടീമിന്റെ ടോപ് സ്കോററായ മൊഹമ്മദ് സലാ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളാണ് ശക്തമായിരുന്നതെങ്കിലും ഇപ്പോൾ അതിനൊപ്പം സാഡിയോ മാനെയും ക്ലബ് വിടുമെന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്.

നേരത്തെ ബയേൺ മ്യൂണിക്കാണ് സെനഗൽ താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നതെങ്കിലും ഇപ്പോൾ അവർക്കൊപ്പം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും ചേർന്നുവെന്നാണ് ബിൽഡിന്റെ റിപ്പോർട്ടുകൾ പറയുന്നത്. താരത്തിനായി നീക്കം നടത്താൻ അൽപ്പം വൈകിയെങ്കിലും നിലവിൽ മാനെയെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത പിഎസ്‌ജിക്കാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

രണ്ടു കാരണങ്ങൾ കൊണ്ടാണ് പിഎസ്‌ജിയിലേക്ക് ചേക്കേറാൻ മാനെക്ക് താൽപര്യമുള്ളത്. ഒന്ന് പിഎസ്‌ജി നൽകുന്ന പ്രതിഫലം താരം ആഗ്രഹിക്കുന്നതു തന്നെയാണ്. അതിനു പുറമെ തനിക്ക് പ്രാധാന്യം നൽകുന്ന സ്പോർട്ടിങ് പ്രൊജക്റ്റിന്റെ ഭാഗമാകാൻ താരം താൽപര്യപ്പെടുന്നു. പിഎസ്‌ജിയിൽ നിന്നും തനിക്ക് മികച്ച പിന്തുണ ലഭിക്കുമെന്നും താരം കരുതുന്നു.

അതേസമയം ഈ സമ്മറിൽ ലിവർപൂളിന്റെ സമ്മതമില്ലാതെ മാനെക്ക് ക്ലബ് വിടാൻ കഴിയില്ല. എന്നാൽ അടുത്ത സീസണോടെ കരാർ അവസാനിക്കും എന്നതിനാൽ സെനഗൽ താരത്തിനായി വലിയ തുക ലിവർപൂൾ ആവശ്യപ്പെടാൻ സാധ്യത കുറവാണ്. അതിനാൽ തന്നെ താരം ലിവർപൂൾ വിടുകയാണെങ്കിൽ പിഎസ്‌ജി തന്നെയാകും സ്വന്തമാക്കുക. എന്നാൽ ലിവർപൂൾ കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നത് ഫ്രഞ്ച് ക്ലബിന് പ്രതിസന്ധിയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.