Football in Malayalam

'പോഗ്ബയെ ഞങ്ങൾക്കു വേണ്ട', മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ പിഎസ്‌ജി ആരാധകർ

Sreejith N
Manchester United v Fulham - Premier League
Manchester United v Fulham - Premier League / Paul Ellis - Pool/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയെങ്കിലും അവരുടെ ട്രാൻസ്‌ഫർ പദ്ധതികൾ ഇനിയും അവസാനിച്ചിട്ടില്ല. യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയെയാണ് പിഎസ്‌ജി സ്വന്തം തട്ടകത്തിൽ എത്തിക്കാൻ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പിഎസ്‌ജിയുടെ ശ്രമങ്ങളിൽ സ്വന്തം ആരാധകർ തൃപ്തരല്ലെന്നാണ് അവർ അടുത്തിടെ നടത്തിയ പ്രതിഷേധത്തിൽ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസം പിഎസ്‌ജിയുടെ മൈതാനമായ പാർക് ഡി പ്രിൻസെസിനു പുറത്തു ഉയർത്തിയ ബാനറിലൂടെയാണ് ഫ്രഞ്ച് മധ്യനിര താരത്തോടുള്ള പ്രതിഷേധം പിഎസ്‌ജി ആരാധകർ വ്യക്തമാക്കിയത്. "പോഗ്ബ, നിങ്ങൾ അമ്മ പറയുന്നതു കേൾക്കണം. അവർക്കു നിങ്ങൾ ഇവിടെയെത്തുന്നത് ഇഷ്ടമല്ല, ഞങ്ങൾക്കുമതെ." ഫ്രഞ്ച് താരമായ പോഗ്ബക്കെതിരെ ഫ്രാൻസിൽ തന്നെയുയർന്ന ബാനറിലെ സന്ദേശം ഇങ്ങിനെയായിരുന്നു.

ഫ്രാൻസിലെ ക്ലബുകൾ തമ്മിലുള്ള വൈരിയാണ് പോഗ്ബയുടെ ട്രാൻസ്ഫറിൽ പിഎസ്‌ജി ആരാധകരുടെ എതിർപ്പിനു കാരണം. ആഭ്യന്തര ലീഗിൽ പിഎസ്‌ജിയുടെ പ്രധാന എതിരാളികളായ മാഴ്‌സയോട് തനിക്കുള്ള താൽപര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള താരമാണ് പോഗ്ബ. തന്റെ അമ്മയും അച്ഛനും മാഴ്‌സ ആരാധകർ ആണെന്നും അതുകൊണ്ടു തന്നെ പിഎസ്‌ജിയിലേക്ക് ചേക്കേറുന്ന കാര്യം തന്റെ പരിഗണനയിൽ തന്നെയില്ലെന്നും 2018ൽ പോഗ്ബ വ്യക്തമാക്കിയിരുന്നു.

അതേസമയം ആരാധകരുടെ പ്രതിഷേധം നടക്കുമ്പോഴും താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പിഎസ്‌ജി സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ കുറഞ്ഞതൊന്നും തങ്ങളുടെ ലക്ഷ്യമല്ലെന്നാണ് ഇതിലൂടെ പിഎസ്‌ജി വ്യക്തമാക്കുന്നത്. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള പോഗ്ബ കരാർ പുതുക്കാൻ തയ്യാറായില്ലെങ്കിൽ താരത്തെ വിട്ടുകൊടുക്കുകയല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡിനും വേറെ വഴികളില്ല.


facebooktwitterreddit