Football in Malayalam

"ക്ലബിൽ നിന്നും പുറത്തു പോവുക"- പരിശീലന മൈതാനത്തിനു പുറത്ത് മെസിക്കെതിരെ ചുമരെഴുത്തുമായി പിഎസ്‌ജി ആരാധകർ

Sreejith N
PSG Fans Graffiti Against Messi Outside Training Centre
PSG Fans Graffiti Against Messi Outside Training Centre / Quality Sport Images/GettyImages
facebooktwitterreddit

യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ തോൽവി വഴങ്ങി പിഎസ്‌ജി പുറത്തായതിന്റെ പേരിൽ മെസിക്കെതിരെ ആരാധകർ ഉയർത്തുന്ന പ്രതിഷേധം അവസാനിക്കുന്നില്ല. വാരാന്ത്യത്തിൽ ബോർഡിയൂവിനെതിരെ നടന്ന ലീഗ് മത്സരത്തിൽ താരങ്ങളെ കൂക്കി വിളിച്ച ആരാധകർ ഇപ്പോൾ മെസിക്കെതിരെ ചുവരെഴുത്തിലൂടെയും തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു.

പിഎസ്‌ജിയുടെ പരിശീലനമൈതാനത്തിനു തൊട്ടു വെളിയിലാണ് കഴിഞ്ഞ ദിവസം ലയണൽ മെസിക്കെതിരെയുള്ള ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ലയണൽ മെസിയെയും പിഎസ്‌ജി പ്രസിഡന്റായ നാസർ അൽ ഖലൈഫിയെയും ഉന്നം വെക്കുന്ന ചുവരെഴുത്തിൽ "നാസർ, ലിയോ പുറത്തു പോവുക" എന്നാണ് എഴുതിയിരിക്കുന്നത്. ഇതിനു പുറമെ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

ഇതുകൂടാതെയും ലയണൽ മെസിക്കും പിഎസ്‌ജി പ്രസിഡന്റിനും എതിരെ മറ്റനേകം ചുവരെഴുത്തുകളും ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലതിലും വളരെ മോശമായ അസഭ്യവാക്കുകളാണ് പിഎസ്‌ജി ആരാധകർ ഉപയോഗിച്ചിരിക്കുന്നത്. ഞങ്ങൾക്ക് വേണ്ടത് പോരാളികളെയാണെന്നും സൂപ്പർതാരങ്ങളെ അല്ലെന്നും ചില സന്ദേശങ്ങൾ വ്യക്തമാക്കുന്നു.

രാത്രിയിലുണ്ടായ ചുവരെഴുത്തുകൾ തിങ്കളാഴ്‌ച തന്നെ മായ്ച്ചു കളയാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ആരാധകരുടെ പ്രതിഷേധം അതുകൊണ്ടൊന്നും അവസാനിക്കുന്ന ഒന്നല്ലെന്നു ദിവസങ്ങളായി തുടർന്നു വരുന്ന അവരുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. ക്ലബിനുള്ളിൽ അടിമുടി അഴിച്ചുപണിയാണ് അവർ ആവശ്യപ്പെടുന്നത്.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു പിന്നാലെ ക്ലബ് പ്രസിഡന്റ് അൽ ഖലൈഫി രാജി വെക്കണം എന്നാവശ്യപ്പെട്ട് പിഎസ്‌ജിയുടെ കലക്റ്റിഫ് അൾട്രാസ് ഫാൻ ഗ്രൂപ്പ് നേരത്തെ തന്നെ പ്രസ്‌താവന ഇറക്കിയിരുന്നു. ക്ലബ് നേരിടുന്ന നിരവധി പ്രതിസന്ധികളും അതിനെ മറികടക്കാൻ നേതൃത്വത്തിനുള്ള കഴിവില്ലായ്‌മയുമെല്ലാം അതിൽ വിശദീകരിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit