Football in Malayalam

കെയ്‌ലിൻ എംബാപ്പെ ക്ലബ് വിട്ടാൽ താരത്തിന്റെ പകരക്കാരനായി ഏർലിങ് ഹാലൻഡിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി പിഎസ്‌ജി

Sreejith N
Borussia Dortmund v Paris Saint-Germain - UEFA Champions League Round of 16: First Leg
Borussia Dortmund v Paris Saint-Germain - UEFA Champions League Round of 16: First Leg / Alex Grimm/Getty Images
facebooktwitterreddit

കെയ്‌ലിയൻ എംബാപ്പയുടെ റയൽ മാഡ്രിഡ് ട്രാൻസ്‌ഫർ വരുന്ന ദിവസങ്ങളിൽ തന്നെ പൂർത്തിയാകുമെന്നിരിക്കെ അതിനൊത്ത പകരക്കാരനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി ആരംഭിച്ചു. ഇംഗ്ലീഷ് മാധ്യമമായ ദി ടെലെഗ്രാഫ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെയാണ് പിഎസ്‌ജി എംബാപ്പക്കു പകരക്കാരനായി നോട്ടമിടുന്നത്.

റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ആഗ്രഹം മുൻപു പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ എംബാപ്പയുടെ ട്രാൻസ്‌ഫർ ചൂടു പിടിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള എംബാപ്പെ അതു പുതുക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ വിട്ടുകൊടുക്കാൻ പിഎസ്‌ജി നിർബന്ധിതരാവുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം എംബാപ്പക്കു വേണ്ടിയുള്ള റയൽ മാഡ്രിഡിന്റെ 180 മില്യൺ യൂറോയുടെ ബിഡ് പിഎസ്‌ജി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനൊപ്പം തന്നെ എർലിങ് ഹാലാൻഡിന്റെ ഏജന്റായ മിനോ റിയോളയുമായി അവർ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന് ടെലെഗ്രാഫിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എംബാപ്പ പോയാൽ അതിന്റെ ക്ഷീണം ഒരു തരത്തിലും തങ്ങൾക്കുണ്ടാകരുതെന്നു തന്നെയാണ് ഇതിലൂടെ പിഎസ്‌ജി ഉദ്ദേശിക്കുന്നത്.

അതേസമയം ഈ ട്രാൻസ്‌ഫർ ജാലകത്തിൽ എർലിങ് ഹാലൻഡിനെ വിട്ടുനൽകാൻ തങ്ങൾക്കു താൽപര്യമില്ലെന്ന് ബൊറൂസിയ ഡോർട്മുണ്ട് നേരത്തെ വ്യക്തമാക്കിയതാണ്. ചെൽസി താരത്തിനു വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തിയെങ്കിലും ട്രാൻസ്‌ഫർ തുക, ഏജന്റ് ഫീസ്, പ്രതിഫലം എന്നിവ താങ്ങാൻ കഴിയാത്തതു കൊണ്ട് പിൻവാങ്ങുകയായിരുന്നു. എന്നാൽ പിഎസ്‌ജിയെ സംബന്ധിച്ചിടത്തോളം താരത്തിന്റെ ആവശ്യങ്ങൾ പ്രശ്‌നമായിരിക്കാൻ സാധ്യതയില്ല.

എന്തായാലും സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാനിരിക്കെ മറ്റൊരു വമ്പൻ ട്രാൻസ്‌ഫറിനു കൂടി കളമൊരുങ്ങുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ ഒരാളായ ഹാലൻഡിനെ നെയ്‌മർ, മെസി എന്നിവർക്കൊപ്പം ടീമിലണി നിരത്താൻ പിഎസ്‌ജിക്ക് കഴിഞ്ഞാൽ അത് ഫ്രഞ്ച് ക്ലബ്ബിനെ അതിശക്തരാക്കി മാറ്റുക തന്നെ ചെയ്യും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit