പിഎസ്ജി ഡ്രസിങ് റൂമിൽ രണ്ടു ചേരികൾ, ക്ലബ് നേരിടുന്നത് ഗുരുതര പ്രതിസന്ധി


ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോടു നേരിട്ട അപ്രതീക്ഷിത തോൽവിയും അതിനു ശേഷം മൊണാക്കോയോട് കനത്ത പരാജയം ഏറ്റു വാങ്ങിയതുമെല്ലാം പിഎസ്ജിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. അതിനു ശേഷം ആരാധകരുടെ പ്രതിഷേധവും ക്ലബിനും താരങ്ങൾക്കുമെതിരെ ഉയർന്നു വന്നിരുന്നു. ഇപ്പോൾ അതിനേക്കാൾ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് പിഎസ്ജിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജി ഡ്രസിങ് റൂമിൽ രണ്ടു ക്യാമ്പുകൾ രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. ഒരു ക്യാമ്പ് സൗത്ത് അമേരിക്കയിൽ നിന്നുള്ള താരങ്ങളുടേതാണെങ്കിൽ മറ്റൊന്നു ഫ്രഞ്ച് സംസാരിക്കുന്ന താരങ്ങളുടേതാണ്. മൊണാക്കോക്കെതിരായ മത്സരത്തിനു ശേഷം ഈ രണ്ടു ക്യാമ്പുകൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
Tensions have reached boiling point in the locker room following PSG's Champions League exit and heavy defeat to Monaco... ?
— SPORTbible (@sportbible) March 22, 2022
In fact, the team has now split into two "clans" ? https://t.co/PGHOrC8KPU
മൊണോക്കോക്കെതിരായ മത്സരത്തിലെ തോൽവിക്കു ശേഷം മത്സരത്തെക്കുറിച്ചോ അതിലുണ്ടായ പിഴവുകളെക്കുറിച്ചോ ആരും ചർച്ച ചെയ്തില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരാൾ പോലും ഇതേക്കുറിച്ച് സംസാരിച്ചില്ലെന്നു മാത്രമല്ല, ചേഞ്ചിങ് റൂമിലും പാരീസിലേക്കുള്ള മടക്കയാത്രയിലും ആരും ഒരു ചർച്ചയും നടത്താൻ തയ്യാറായില്ലെന്നതും ക്ലബ് കടന്നു പോകുന്ന അവസ്ഥയുടെ ആഴം വ്യക്തമാക്കുന്നു.
രണ്ടു ചേരികളായി പിഎസ്ജി താരങ്ങൾ തിരിഞ്ഞതിന്റെ മറ്റൊരു ഉദാഹരണവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മത്സരത്തിൽ നെയ്മർ ഫൗൾ ചെയ്യപ്പെട്ടപ്പോൾ നിരവധി പിഎസ്ജി താരങ്ങൾ കൂട്ടം കൂടിയാണ് അതിനെതിരെ റഫറിയോട് പ്രതികരിച്ചത്. എന്നാൽ അതെ മത്സരത്തിൽ എംബാപ്പയോട് അടുത്ത ബന്ധം പുലർത്തുന്ന ഹക്കിമി ഫൗൾ ചെയ്യപ്പെട്ടപ്പോൾ ഉണ്ടായ പ്രതികരണം തണുപ്പൻ രീതിയിലായിരുന്നു.
മൗറീസിയോ പോച്ചട്ടിനോ അടുത്ത സീസണിൽ ക്ലബിനൊപ്പം തുടരുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ഇല്ലെങ്കിലും അദ്ദേഹം തുടർന്നാൽ വലിയൊരു ജോലിയാണ് കാത്തിരിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇതേ രീതിയിലാണ് ഈ സീസണിൽ ക്ലബ് മുന്നോട്ടു പോകുന്നതെങ്കിൽ കഴിഞ്ഞ സീസണു സമാനമായി ഈ സീസണിലും പിഎസ്ജിക്ക് ലീഗ് കിരീടം നഷ്ടമാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.