Football in Malayalam

'ഇത് തീർത്തും അസംബന്ധം'; മെസിയെ അർജന്റീന ‌ടീമിൽ ഉൾപ്പെടുത്തിയതിൽ രോഷാകുലനായി പിഎസ്ജി സ്പോർട്ടിംഗ് ഡയറക്ടർ ലിയണാഡോ

By Gokul Manthara
Argentina v Peru - FIFA World Cup 2022 Qatar Qualifier
Argentina v Peru - FIFA World Cup 2022 Qatar Qualifier / Marcelo Endelli/GettyImages
facebooktwitterreddit

ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്ന പിഎസ്ജി താരം ലയണൽ മെസിയെ ഈ മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ദേശീയ ടീമിൽ ഉൾപ്പെടുത്താനുള്ള അർജന്റീനയുടെ തീരുമാനത്തിനെതിരെ ഫ്രഞ്ച് ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയണാഡോ രംഗത്ത്. ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം തങ്ങൾക്കായി കളിക്കാൻ കഴിയാത്ത ഒരു‌കളികാരനെ അദ്ദേഹത്തിന്റെ ദേശീയ ടീമിൽ ചേരാൻ അനുവദിക്കുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്ന്‌ വ്യക്തമാക്കിയ ലിയണാഡോ, ഇത്‌ തീർത്തും അസംബന്ധമാണെന്നും തുറന്നടിച്ചു.

നേരത്തെ‌ ലില്ലെക്കെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം പരിക്കിന്റെ പ്രശ്നങ്ങൾ മൂലം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട മെസി ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും തുടർന്ന് ബോർഡെക്സിനെതിരെ നടന്ന‌ ഫ്രഞ്ച് ലീഗ് മത്സരത്തിലും കളിച്ചിരുന്നില്ല. ഇതിനിടെ മെസിയുടെ വൈദ്യ റിപ്പോർട്ട് പുറത്ത് വിട്ട പിഎസ്ജി, താരം പരിക്കിൽ നിന്ന് മുക്തനായി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിനിടെ പ്രഖ്യാപിച്ച ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മെസിയേയും പരിശീലകൻ ലയണൽ സ്കലോണി ഉൾപ്പെടുത്തുകയായിരുന്നു. ഈ മാസം നടക്കാനിരിക്കുന്ന ‌മത്സരങ്ങൾക്കായി താരം അർജന്റൈൻ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമായിരിക്കുന്നതിനിടെയാണ് അതിനെതിരെ ഇപ്പോൾ പിഎസ്ജി യുടെ സ്പോർട്ടിംഗ് ഡയറക്ടർ രംഗത്ത് വന്നിരിക്കുന്നത്.

"ഞങ്ങൾക്ക് വേണ്ടി കളിക്കാൻ ഫിറ്റ് അല്ലാത്ത, പരിക്കിൽ നിന്ന് മോചിതനായിക്കൊണ്ടിരിക്കുന്ന ഒരു കളികാരനെ അദ്ദേഹത്തിന്റെ ദേശീയ ടീമിനൊപ്പം ചേരാൻ അനുവദിക്കുന്നതിനോട് ഞങ്ങൾ യോജിക്കുന്നില്ല. ഇത് തികച്ചും അസംബന്ധമാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഫിഫയുമായി ചർച്ച ചെയ്യേണ്ടതുണ്ട്.'' ലേ പാരീസിയനോട് സംസാരിക്കവെ ലിയണാഡോ വ്യക്തമാക്കി.

അതേ സമയം ഈ മാസം 12, 16 തീയതികളിൽ യഥാക്രമം ഉറുഗ്വെ, ബ്രസീൽ എന്നിവർക്കെതിരെയാണ് അർജന്റീന ലോകകപ്പ് യോഗ്യതാ ‌‌മത്സരങ്ങളിൽ കളിക്കുക. പല‌തരത്തിലുള്ള സംസാരങ്ങൾ ഉയരുന്നുണ്ടെങ്കിലും മെസി ഈ രണ്ട് മത്സരങ്ങളിലും കളിക്കുമെന്ന് തന്നെയുള്ള പ്രതീക്ഷയിലാണ് ആരാധകർ.

facebooktwitterreddit