Football in Malayalam

'ഞങ്ങൾ മജീഷ്യന്മാരല്ല' - മെസിയുടെ ജേഴ്‌സി വിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകൾ നിഷേധിച്ച് പിഎസ്‌ജി

Sreejith N
Official presentation of Lionel Messi by Paris Saint-Germain
Official presentation of Lionel Messi by Paris Saint-Germain / Anadolu Agency/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകത്ത് വലിയ ചലനമുണ്ടാക്കിയ ഒന്നാണ് ലയണൽ മെസിയുടെ പിഎസ്‌ജി ട്രാൻസ്‌ഫർ. ബാഴ്‌സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കുമെന്ന് കരുതിയിരുന്ന താരം ആരും പ്രതീക്ഷിക്കാത്ത സമയത്ത് ക്ലബ് വിടാൻ നിർബന്ധിതനാവുകയും ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറുകയുമായിരുന്നു. കോപ്പ അമേരിക്കക്കു ശേഷം ലോകം മുഴുവൻ മെസിയെക്കുറിച്ച് സംസാരിക്കുന്ന ഒരു സാഹചര്യമാണ് ഇതുണ്ടാക്കിയെടുത്തത്.

പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിയുമായി ബന്ധപ്പെട്ടുള്ള കഥകൾക്കും തീരെ പഞ്ഞമില്ലായിരുന്നു. അതിൽ അവസാനം പുറത്തുവന്നത് അർജന്റീന താരത്തിന്റെ ജേഴ്‌സി വിൽപ്പനയുമായി ബന്ധപ്പെട്ടായിരുന്നു. ഇതു വരെ മെസിയുടെ എട്ടു ലക്ഷം പിഎസ്‌ജി ജേഴ്‌സികൾ വിറ്റഴിഞ്ഞുവെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രചരിച്ചെങ്കിലും അതു നിഷേധിച്ച് ഫ്രഞ്ച് ക്ലബ് തന്നെയിപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ പുറത്തുവിട്ട പിഎസ്‌ജി കൊമേഴ്‌സ്യൽ ഡയറക്‌ടറുടെ പ്രസ്‌താവന ഇങ്ങിനെയായിരുന്നു. "അത്തരം കണക്കുകളെക്കുറിച്ച് സംസാരിക്കുന്നതു തന്നെ വിഡ്ഢിത്തമാണ്. വിൽപ്പനയിലെ ട്രെൻഡ് ഇതുവരെയില്ലാത്ത വിധം മുന്നോട്ടു പോയിട്ടുണ്ടെങ്കിലും ഞങ്ങൾ ഒരു മില്യൺ ജേഴ്‌സികൾ വിറ്റുവെന്ന നേട്ടത്തിനു വളരെ അകലെയാണ്."

"മെസിയുമായുള്ള കരാർ വളരെ വേഗത്തിലാണ് പൂർത്തിയായത്. അതു ഞങ്ങൾ മുൻകൂട്ടി പ്രതീക്ഷിച്ചിരുന്ന ഒന്നല്ല. തീർച്ചയായും ഞങ്ങൾ വേഗത്തിലായിരുന്നു. എന്നാൽ ഞങ്ങളുടെ ജേഴ്‌സി പാർട്ണറുടെ നിർമാണസമയവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നൈക്കി ആയാലും അഡിഡാസ് ആയാലും പ്യൂമ ആയാലും അതൊരുപോലെയാണ്. ഞങ്ങൾ മജീഷ്യന്മാരല്ല," അദ്ദേഹം വ്യക്തമാക്കുന്നു.

മെസിയുടെ ജേഴ്‌സി വിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകൾ ഇതുവരെയും പുറത്തു വന്നിട്ടില്ലെന്നും നിലവിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നുമാണ് ഈ പ്രസ്‌താവന വ്യക്തമാക്കുന്നത്. അതേസമയം താരത്തിന്റെ പിഎസ്‌ജി അരങ്ങേറ്റം ഈ മാസം അവസാനം നടക്കുന്ന മത്സരത്തിൽ ഉണ്ടാകുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit