ക്രിസ്റ്റഫെ ഗാൾട്ടിയർ പരിശീലകനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി പിഎസ്ജി


നീസ് പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ അടുത്ത സീസണിൽ ക്ലബിന്റെ ചുമതല ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ പിഎസ്ജി തള്ളിക്കളഞ്ഞുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയും റേഡിയോ സ്റ്റേഷനായ ഫ്രാൻസ്ഇന്ഫോയും പോച്ചട്ടിനോക്ക് പകരക്കാരനായി ഗാൾട്ടിയർ എത്തുമെന്ന് റിപ്പോർട്ടു ചെയ്തിരുന്നു.
എന്നാൽ എഎഫ്പിയോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞിട്ടുണ്ട്. നിരവധി പേരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം അവർ വെളിപ്പെടുത്തിയത്. ഗാൾട്ടിയറല്ലാതെ മറ്റാരെങ്കിലും പിഎസ്ജി പരിശീലകനായി എത്താനുള്ള സാധ്യതകളിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
Paris Saint-Germain denied reports on Monday that Nice coach Christophe Galtier will be named the Parisian club's new coach as a source claimed that numerous discussions are underway#PSG #ChristopheGaltier https://t.co/vQYiEBdZjp
— News18 Sports (@News18Sports) June 21, 2022
അർജന്റീനിയൻ പരിശീലകനായ പോച്ചട്ടിനോ 2021 ജനുവരി മാസത്തിലാണ് പിഎസ്ജിയിൽ എത്തുന്നത്. ആ സീസണിൽ ലില്ലെക്കു മുന്നിൽ ലീഗ് കിരീടം പിഎസ്ജി അടിയറവു വെക്കുകയായിരുന്നു. അന്ന് ലില്ലെയുടെ പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയാർ ആയിരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.
ഈ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞെങ്കിലും പ്രധാന ലക്ഷ്യമായ ചാമ്പ്യൻസ് ലീഗിൽ പതറിയതും സൂപ്പർതാരങ്ങൾ നിറഞ്ഞ ടീമിനെ കൃത്യമായി മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്തതുമാണ് പോച്ചട്ടിനോയുടെ സ്ഥാനം നഷ്ടമാകുന്നതിനു കാരണമായത്.
നേരത്തെ സിനദിൻ സിദാനായിരുന്നു പിഎസ്ജി മാനേജരാവാൻ കൂടുതൽ സാധ്യത കൽപ്പിച്ചതെങ്കിലും അദ്ദേഹം ഓഫർ നിരസിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്തായാലും അടുത്ത സീസണിൽ നെയ്മർ, മെസി, എംബാപ്പെ ത്രയത്തെ നയിക്കുക പുതിയൊരു പരിശീലകനാകുമെന്നതിൽ യാതൊരു സംശയവുമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.