റെന്നെസിനെതിരെ പിഎസ്‌ജിക്ക് കൂടുതൽ ഗോളുകൾ നേടാനാവാത്തതിന്റെ കാരണം വ്യക്തമാക്കി മാർക്വിന്യോസ്


റെന്നെസിനെതിരെ സ്വന്തം മൈതാനത്തു നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ അവസാന മിനിറ്റുകളിൽ നേടിയ ഗോളിലാണ് പിഎസ്‌ജി വിജയം നേടിയത്. ലയണൽ മെസിയുടെ അസിസ്റ്റിൽ കിലിയൻ എംബാപ്പെ നേടിയ ഗോളിൽ വിജയം കുറിക്കാൻ കഴിഞ്ഞതോടെ രണ്ടാം സ്ഥാനക്കാരായ മാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം പതിനാറാക്കി വർധിപ്പിക്കാനും ഫ്രഞ്ച് ക്ലബിനായി.
എന്നാൽ സൂപ്പർതാരങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടും മത്സരത്തിൽ ഗോൾ നേടാൻ പിഎസ്‌ജി ബുദ്ധിമുട്ടിയത് റയൽ മാഡ്രിഡുമായി ചാമ്പ്യൻസ് ലീഗ് മത്സരം വരാനിരിക്കെ ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്ന കാര്യമായിരുന്നു. മത്സരത്തിനു ശേഷം പ്രൈം സ്‌പോർട് ഫ്രാൻസിനോട് സംസാരിക്കേ അതിന്റെ കാരണം ടീമിന്റെ നായകനായ മാർക്വിന്യോസ് വ്യക്തമാക്കി.
"ഗോൾ നേടാൻ ഇന്നു വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞങ്ങൾ പ്രതിബദ്ധരായി കളിച്ച് ഗോൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നന്നായി പ്രതിരോധിച്ച റെന്നെസ് ഞങ്ങളുടെ കൈവശം പന്ത് ഉണ്ടായിരുന്നെങ്കിൽ കൂടിയും വളരെ കുറഞ്ഞ സ്‌പേസ് മാത്രമാണു നൽകിയത്. അവസരങ്ങൾ ഉണ്ടായെങ്കിലും ഞങ്ങൾക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ അവസാനം നേടിയ ഗോൾ മത്സരം ഞങ്ങൾക്കു നൽകി." മാർക്വിന്യോസ് പറഞ്ഞു.
മത്സരത്തിൽ ഗോൾ നേടിയ എംബാപ്പയെ പ്രശംസിക്കാനും താരം മറന്നില്ല. "വ്യത്യാസം സൃഷ്‌ടിക്കാൻ കഴിവുള്ള താരമാണ് എംബാപ്പെ. ഇതുപോലെയുള്ള മത്സരത്തിൽ ഗോൾ നേടാൻ താരത്തിനു കഴിഞ്ഞത് ഞങ്ങളെ സഹായിച്ചു. ഇതുപോലെ ഗോൾ കണ്ടെത്താൻ മനഃസാന്നിധ്യമുള്ള താരങ്ങൾ ടീമിനു വളരെ പ്രധാനപ്പെട്ടതാണ്. അതിനൊപ്പം ടീംവർക്കുമുണ്ട്." താരം പറഞ്ഞു.
വ്യക്തിഗത മികവുള്ള നിരവധി താരങ്ങൾ ഉണ്ടെങ്കിലും ഒരു ടീമെന്ന നിലയിൽ പിഎസ്‌ജി ഇനിയും ഒത്തിണക്കം കാണിക്കണം എന്നു മത്സരത്തിൽ നിന്നും വ്യക്തമായിരുന്നു. റയലിനെ പോലെ മികച്ച ഫോമിൽ, കൃത്യമായ പദ്ധതിയിൽ കളിക്കുന്ന ടീമിനെ മറികടന്നു ചാമ്പ്യൻസ് ലീഗ് കിരീടമെന്ന മോഹം നടപ്പിലാക്കാൻ പിഎസ്‌ജിക്കത് അനിവാര്യവുമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.