പിഎസ്ജി നേതൃത്വത്തിന് നെയ്മറിൽ കടുത്ത അതൃപ്തി, സമ്മറിൽ താരത്തെ വിൽക്കുന്ന കാര്യം പരിഗണിക്കുന്നു


ബ്രസീലിയൻ സൂപ്പർതാരമായ നെയ്മറെ സംബന്ധിച്ച് അത്ര നല്ല വാർത്തകളല്ല ഈ ദിവസങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ മോശം പ്രകടനം നടത്തിയതിനു പുറമെ ഡ്രസിങ് റൂമിൽ വെച്ച് സഹതാരം ഡോണറുമ്മയുമായി വാക്കേറ്റമുണ്ടായി എന്ന വാർത്തകളെ നേരിട്ട് രംഗത്തു വന്ന് നിഷേധിക്കേണ്ട സാഹചര്യവും താരത്തിനുണ്ടായി.
ഫ്രഞ്ച് മാധ്യമപ്രവർത്തകനായ റൊമെയ്ൻ മോളിന പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ നെയ്മറുടെ പിഎസ്ജി ഭാവിയിൽ കൂടുതൽ ആശങ്കകൾ ഉണ്ടാക്കുന്നതാണ്. പിഎസ്ജി ഉടമയായ ഖത്തർ അമീറുമായി ബന്ധപ്പെട്ടു ലഭിച്ച വിവരങ്ങൾ പ്രകാരം ബ്രസീലിയൻ താരത്തിൽ അവർക്ക് കടുത്ത അതൃപ്തിയുണ്ട്. അടുത്ത സമ്മറിൽ നെയ്മറെ വിൽക്കുന്ന കാര്യം അവർ പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
VIDEO / PSG : l'heure de rendre des comptes à l'Émir !https://t.co/znveo7Eb5d
— Romain Molina (@Romain_Molina) March 10, 2022
Avec quelques documents, des affaires judiciaires, du recel de maillots, Nasser convoqué à Doha, et un club qui implose littéralement au niveau de la direction depuis des mois...
Bon visionnage !
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകക്കു ബാഴ്സലോണയിൽ നിന്നും സ്വന്തമാക്കിയ നെയ്മർക്ക് ഇതുവരെയും അതിന്റെ പ്രതിഫലം പിഎസ്ജിക്ക് തിരിച്ചു നൽകാൻ കഴിഞ്ഞിട്ടില്ല. നെയ്മർ പ്രധാന താരമായി നിൽക്കുന്ന ക്ലബ് അഞ്ചാം തവണയും ചാമ്പ്യൻസ് ലീഗ് നേടാതെ പുറത്തു പോയതും താരത്തിന്റെ നിരന്തരമായ പരിക്കും കളിക്കളത്തിലെ മോശം പെരുമാറ്റവും നെയ്മർ സീനിയറും ക്ലബ് നേതൃത്വവും തമ്മിലുള്ള മോശം ബന്ധവുമെല്ലാം ബ്രസീലിയൻ താരം പുറത്തു പോകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
റയലിനെതിരെ നടന്ന മത്സരത്തിൽ നെയ്മർ മോശം പ്രകടനം നടത്തിയതോടെ ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫർ പിഴവായാണ് നെയ്മർ കണക്കാക്കപ്പെടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പിഴവു തിരുത്താൻ ഓഫർ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന തുകക്ക് താരത്തെ വിൽക്കാനാണ് പിഎസ്ജി ഒരുങ്ങുന്നത്. ബാഴ്സലോണയിൽ നിന്നും താരത്തെ വാങ്ങിയ തുകയായ 222 മില്യൺ യൂറോ പ്രതീക്ഷിക്കാൻ കഴിയില്ലെങ്കിലും 100 മില്യൺ നെയ്മർക്കായി പിഎസ്ജി പ്രതീക്ഷിക്കുന്നു.
ബാഴ്സലോണയിൽ മിന്നുന്ന പ്രകടനം നടത്തിയിരുന്ന നെയ്മർ ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അതിനു നേരെ വിപരീതമാണ് സംഭവിച്ചത്. നെയ്മറെ പിഎസ്ജി വിൽക്കുകയാണെങ്കിൽ വാങ്ങാൻ യൂറോപ്പിലെ വമ്പൻ ക്ലബുകൾ ഇപ്പോഴും രംഗത്തു വരുമെങ്കിലും തന്റെ കരിയറിൽ ഒരു വീണ്ടെടുപ്പ് ബ്രസീലിയൻ താരത്തിന് സാധ്യമാകുമോ എന്നാണു ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.