Football in Malayalam

റയൽ മാഡ്രിഡിന്റെ എംബാപ്പെ സ്വപ്‌നം പൂവണിഞ്ഞേക്കും; പകരക്കാരനെ കണ്ടെത്തി ഫ്രഞ്ച് ക്ലബ്

Sreejith N
TOPSHOT-FBL-EURO-2020-2021-MATCH12-FRA-GER
TOPSHOT-FBL-EURO-2020-2021-MATCH12-FRA-GER / FRANCK FIFE/Getty Images
facebooktwitterreddit

ഫ്രഞ്ച് മുന്നേറ്റനിര താരമായ കെയ്‌ലിയൻ എംബാപ്പയെ ടീമിൽ നിലനിർത്താനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങൾ പരാജയപ്പെട്ടു തുടങ്ങുന്നതായി റിപ്പോർട്ടുകൾ. ക്ലബ് ഓഫർ ചെയ്‌ത ദീർഘകാല കരാർ എംബാപ്പെ നിഷേധിച്ചതോടെ താരത്തെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി ആരംഭിച്ചതായി ആർഎംസി സ്പോർട്ടിനെ അടിസ്ഥാനമാക്കി മാർക്ക വെളിപ്പെടുത്തുന്നു.

നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന എംബാപ്പക്ക് ഫ്രഞ്ച് ക്ലബുമായി ഒരു വർഷം മാത്രം നീണ്ടു നിൽക്കുന്ന കരാറാണു ബാക്കിയുള്ളത്. ലയണൽ മെസി, നെയ്‌മർ എന്നിവർക്കൊപ്പം എംബാപ്പയെയും ചേർത്തൊരു മുന്നേറ്റനിര സൃഷ്‌ടിക്കുന്നതിനായി ഫ്രഞ്ച് താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമിച്ചു കൊണ്ടിരിക്കയാണെങ്കിലും അതിനോട് അനുകൂലമായി ഇതുവരെയും എംബാപ്പെ പ്രതികരിച്ചിട്ടില്ല.

റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി ഓഫർ ചെയ്‌ത ആറു വർഷം നീണ്ടു നിൽക്കുന്ന കരാറാണ് എംബാപ്പെ നിഷേധിച്ചത്. നിലവിൽ ലഭിക്കുന്ന പ്രതിഫലത്തിൽ വളരെയധികം ഉയർച്ച ഉണ്ടെങ്കിലും താരത്തിന് അതു പരിഗണിക്കാൻ താൽപര്യമില്ല. എംബാപ്പക്കു വേണ്ടി കാത്തിരിക്കുന്ന റയൽ മാഡ്രിഡിനെ സംബന്ധിച്ച് വളരെ ആവേശം പകരുന്നതാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെയും താരത്തിനായി റയൽ മാഡ്രിഡിൽ നിന്നോ പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്നോ ബിഡൊന്നും വന്നിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം എംബാപ്പെ ക്ലബ് വിടുകയാണെങ്കിൽ അതിനു പകരക്കാരനായി ആരെ ടീമിലെത്തിക്കണമെന്ന കാര്യത്തിൽ പിഎസ്‌ജിക്ക് വ്യക്തതയുണ്ടെന്നും ആർഎംസി പറയുന്നു. നിലവിൽ എവെർട്ടണിൽ കളിക്കുന്ന ബ്രസീലിയൻ സ്‌ട്രൈക്കറായ റിചാർലിസണിനെയാണ് പിഎസ്‌ജി എംബാപ്പക്ക് പകരക്കാരനായി പരിഗണിക്കുന്നത്. നെയ്‌മറുടെ പ്രത്യേക താൽപര്യമാണ് ഇതിനു പിന്നിലെന്നാണ് സൂചനകൾ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit