Football in Malayalam

എംബാപ്പെ ക്ലബ്ബ് വിട്ടാൽ, ഇക്കാർഡിയെ യുവന്റസിന് നൽകി റൊണാൾഡോയെ റാഞ്ചാൻ പി എസ് ജി ശ്രമിച്ചേക്കും

Gokul Manthara
ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ / Jonathan Moscrop/Getty Images
facebooktwitterreddit

നിലവിൽ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിലൊരാളായ കെയ്‌ലിൻ എംബാപ്പെ ഈ സീസണ് ശേഷം പാരീസ് സെന്റ് ജെർമ്മൻ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി താരത്തെ സ്വന്തമാക്കാൻ അരയും തലയും മുറുക്കി രംഗത്തുള്ള റയൽ മാഡ്രിഡിലേക്ക് തന്നെയാകും അദ്ദേഹം പോവുകയെന്നാണ് കരുതപ്പെടുന്നത്. താരത്തിന്റെ പ്രതിനിധികളും, റയൽ മാഡ്രിഡും തമ്മിൽ കരാർ കാര്യത്തിൽ ധാരണയിലെത്തിയതായി പോലും ചില മാധ്യമങ്ങൾ കഴിഞ്ഞയിടക്ക് റിപ്പോർട്ട് ചെയ്തിരുന്നു.

അതേ സമയം, എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കിൽ അത് പി എസ് ജിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായിരിക്കും. താരം ക്ലബ്ബ് വിടുന്നതോടെ പി എസ് ജിയുടെ മുന്നേറ്റ നിര ദുർബലമാകുമെന്നതിലും സംശയമില്ല. അതു കൊണ്ടു തന്നെ എംബാപ്പെ അടുത്ത സമ്മറിൽ ടീം വിടുകയാണെങ്കിൽ പകരം യുവന്റസിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ച് ആ വിടവ് നികത്താനുള്ള പദ്ധതികളാണ് പി എസ് ജിക്കുള്ളതെന്ന് ഫ്രാൻസിൽ നിന്നും, സ്പെയിനിൽ നിന്നും പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പി എസ് ജി കഴിഞ്ഞ കുറച്ച് നാളുകളായി റൊണാൾഡോയെ ടീമിലെത്തിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ‌‌ സൂചിപ്പിക്കുന്നത്. എംബാപ്പെ ടീമിൽ നിന്ന് പോയേക്കുമെന്നത് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ റൊണാൾഡോയെ ഏത് വിധേനയും ടീമിലെത്തിക്കാൻ പി എസ് ജി ശ്രമങ്ങൾ നടത്തിയേക്കും. റൊണാൾഡോയെ സ്വന്തമാക്കുന്നതിന്, പകരം മൗറോ ഇക്കാർഡിയെ നൽകാനും പി എസ് ജി തയ്യാറാണെന്നാണ് സൂചനകൾ‌. അതായത് എംബാപ്പെ പി എസ് ജി വിടുകയാണെങ്കിൽ ഇതിന്റെ ഫലമായി റൊണാൾഡോയും, മൗറോ ഇക്കാർഡിയും വരും സീസണിൽ പുതിയ ക്ലബ്ബുകളിലേക്ക് മാറിയേക്കും.

പ്രായം മുപ്പത്തിയാറ് പിന്നിട്ടെങ്കിലും ഇപ്പോളും ലോകത്തെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിലൊരാളാണ് റൊണാൾഡോയെന്നും അദ്ദേഹത്തെ ടീമിലെടുക്കുന്നതിലൂടെ ഫ്രഞ്ച് ലീഗിലും, ചാമ്പ്യൻസ് ലീഗിലുമെല്ലാം ടീമിന് ഗോളുകൾ ഉറപ്പാക്കാമെന്നും പി എസ് ജി കരുതുന്നു. റൊണാൾഡോയെ സ്വന്തമാക്കുന്നതിലൂടെ ഫുട്ബോൾ ലോകത്ത് ക്ലബ്ബിന്റെ മുഖവും മാറുമെന്നത് അറിയാവുന്ന പി എസ് ജി, ഈ കരാർ സാധ്യമാകാൻ ശക്തമായ നീക്കങ്ങൾ നടത്തുമെന്ന റിപ്പോർട്ടുകൾ വളരെ ശക്തമാണ്.


facebooktwitterreddit