മികച്ച ഓഫർ ലഭിച്ചാൽ നെയ്മറെ വിൽക്കുന്ന കാര്യം പിഎസ്ജി പരിഗണിക്കുന്നു


വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബ്രസീലിയൻ താരം നെയ്മറെ വിൽക്കുന്ന കാര്യം പിഎസ്ജിയുടെ പരിഗണനയിൽ ഉണ്ടെന്നു റിപ്പോർട്ടുകൾ. മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ താരത്തെ വിൽക്കാമെന്ന പദ്ധതിയിലാണ് പിഎസ്ജിയെന്ന് ഗോളിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
222 മില്യൺ യൂറോയെന്ന റെക്കോർഡ് തുകയ്ക്കാണ് 2017ൽ നെയ്മറെ പിഎസ്ജി സ്വന്തമാക്കുന്നത്. അതിനു ശേഷം ക്ലബിനായി നൂറിലധികം ഗോളുകൾ നേടിയ താരം നാല് ലീഗ് കിരീടങ്ങളും ടീമിന് സമ്മാനിക്കാൻ പങ്കു വഹിച്ചു. കഴിഞ്ഞ വർഷം 2025 വരെ പിഎസ്ജി കരാർ താരം പുതുക്കിയിരുന്നു.
PSG would consider any acceptable offers for Neymar, according to L'Equipe ? pic.twitter.com/mdxtRt1Kjy
— GOAL (@goal) May 24, 2022
പാരീസിൽ എത്തിയതിനു ശേഷം നെയ്മറുടെ പ്രകടനമികവിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് പിഎസ്ജി കരുതുന്നത്. ഇതിനു പുറമെ പരിക്കിന്റെ പ്രശ്നങ്ങളും മോശമായ പെരുമാറ്റം കൊണ്ടുണ്ടായ വിവാദങ്ങളും താരത്തെ വിൽക്കുന്നത് പരിഗണിക്കാൻ കാരണമായെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മുപ്പതു വയസുള്ള താരത്തിന് പിഎസ്ജി വിടാൻ യാതൊരു താൽപര്യവുമില്ല. എന്നാൽ നിലവിലെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ മാറി ലൂയിസ് കാമ്പോസ് വന്നാൽ നെയ്മർ പുറത്തു പോകാനുള്ള സാധ്യതകൾ വർധിക്കും. നെയ്മർ ടീമിൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.
എംബാപ്പെ 2025 വരെ പിഎസ്ജിയുമായി കരാർ പുതുക്കിയതും നെയ്മറെ വിൽക്കുന്ന കാര്യം പിഎസ്ജി പരിഗണിക്കാൻ കാരണമായിട്ടുണ്ട്. രണ്ടു താരങ്ങളും തമ്മിൽ നിലവിൽ വളരെ അടുത്ത ബന്ധമില്ല. അതിനാൽ നെയ്മർ ക്ലബ് വിടുന്നതിൽ എംബാപ്പക്കും എതിരഭിപ്രായമുണ്ടാകാൻ സാധ്യതയില്ല.
അതേസമയം നെയ്മറെ ഇപ്പോൾ വാങ്ങാൻ കഴിയുന്ന ക്ലബുകൾ യൂറോപ്പിൽ വളരെ കുറവാണ്. പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന് താരത്തെ വാങ്ങാൻ കഴിയുമെങ്കിലും ചാമ്പ്യൻസ് ലീഗ് കളിക്കാത്ത ടീമിലേക്ക് നെയ്മർ ചേക്കേറാൻ സാധ്യത വളരെ കുറവാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.