Football in Malayalam

പോച്ചട്ടിനോയെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വിട്ടുകൊടുക്കാൻ പിഎസ്‌ജി തയ്യാറെടുക്കുന്നു

Sreejith N
Paris Saint Germain v Lille OSC - Ligue 1 Uber Eats
Paris Saint Germain v Lille OSC - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയ ഒഴിവിലേക്ക് സ്ഥിരം പരിശീലകനായി മൗറീസിയോ പോച്ചട്ടിനോയുടെ പേരാണ് ശക്തമായി ഉയരുന്നതെങ്കിലും സീസണിനിടയിൽ അദ്ദേഹത്തെ വിട്ടുകൊടുക്കാൻ പിഎസ്‌ജിക്ക് യാതൊരു താൽപര്യവുമില്ലെന്ന് റിപ്പോർട്ടുകൾ. എന്നാൽ 2021-22 സീസണു ശേഷം ഇതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടത്താൻ പിഎസ്‌ജി തയ്യാറാണെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു.

സോൾഷെയർ പുറത്താക്കപ്പെട്ടതോടെ നിരവധി പരിശീലകരുടെ പേരുകൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടെങ്കിലും അതിൽ ശക്തമായിരുന്നത് പോച്ചട്ടിനോയുടെ പേരു തന്നെയായിരുന്നു. അർജന്റീനിയൻ പരിശീലകന് പ്രീമിയർ ലീഗിലുള്ള പരിചയസമ്പത്തും മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹവും ഫെർഗുസനുമായുള്ള ബന്ധവുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്.

ദിവസങ്ങൾക്കു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡും പിഎസ്‌ജിയും തമ്മിൽ ഇടനിലക്കാരിലൂടെ പോച്ചട്ടിനോയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ സീസൺ ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിരിക്കെ അദ്ദേഹത്തെ വിട്ടുകൊടുക്കാൻ പിഎസ്‌ജി തയ്യാറല്ലെന്നാണ് വ്യക്തമാക്കിയത്. അതേസമയം ഈ രണ്ടു ക്ലബുകളും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ചർച്ചകളൊന്നും നടത്തിയിട്ടില്ല.

അതിനിടയിൽ ഈ സീസൺ അവസാനിക്കുന്നതു വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് താൽക്കാലിക പരിശീലകനായി മുൻ ലീപ്‌സിഗ് മാനേജർ റാൽഫ് റാഗ്‌നിക്കിനെ നിയമിച്ചിട്ടുണ്ട്. വർക്ക് വിസ സംബന്ധിച്ചുള്ള തടസങ്ങൾ നീങ്ങിയാൽ അദ്ദേഹത്തെ നിയമിച്ച വിവരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ സീസണു ശേഷം റാഗ്‌നിക്കിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉപേദേഷ്ടാവെന്ന സ്ഥാനവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

അതേസമയം പോച്ചട്ടിനോക്ക് പിഎസ്‌ജി വിടാൻ തന്നെയാണ് താൽപര്യമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാരീസിലെ ഹോട്ടൽ മുറിയിൽ മാസങ്ങളായി താമസിക്കുന്നതും ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുണ്ടായിട്ടും ടീം നടത്തുന്ന മോശം പ്രകടനവുമെല്ലാം അദ്ദേഹത്തിൽ സങ്കീർണതകൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനിടയിൽ പിഎസ്‌ജി പുതിയ പരിശീലകനായി സിദാനുമായി കരാറൊപ്പിട്ടുവെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

facebooktwitterreddit