Football in Malayalam

റയലിന്റെ മോഹങ്ങളവസാനിപ്പിക്കാൻ പിഎസ്‌ജി, എംബാപ്പയെ നിലനിർത്താൻ വമ്പൻ വാഗ്‌ദാനം

Sreejith N
Paris Saint-Germain v Stade Reims - Ligue 1
Paris Saint-Germain v Stade Reims - Ligue 1 / Quality Sport Images/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് ലക്ഷ്യമിടുന്ന താരങ്ങളിൽ പ്രധാനിയാണ് എംബാപ്പയെന്നത് ഫുട്ബോൾ ലോകത്ത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. ഒരു വർഷം കൂടി പിഎസ്‌ജി കരാറിൽ ബാക്കിയുള്ള താരത്തെ ഈ സമ്മറിലോ അതല്ലെങ്കിൽ അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്ഫറിലോ ടീമിലെത്തിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്.

എന്നാൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരത്തെ വളരെയെളുപ്പത്തിൽ വിട്ടു കൊടുക്കാനുള്ള പദ്ധതികൾ പിഎസ്‌ജിക്കില്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമം മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത സീസണിലേക്ക് ടീമിനെ അഴിച്ചു പണിയുന്ന ഫ്രഞ്ച് ക്ലബ് വമ്പൻ വാഗ്‌ദാനം നൽകി എംബാപ്പയുടെ കരാർ പുതുക്കാനുള്ള നീക്കങ്ങളും അതിനൊപ്പം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിലവിൽ ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായ നെയ്‌മർക്കൊപ്പമുള്ള വേതനം എംബാപ്പക്കു നൽകാനാണ് പിഎസ്‌ജി ഒരുങ്ങുന്നത്. എന്നാൽ പ്രതിഫലം മാത്രമല്ല എംബാപ്പയുടെ പ്രശ്‌നം. പിഎസ്‌ജിക്കൊപ്പം താൻ ഫുട്ബാൾ ലോകത്തു നിന്നും ആഗ്രഹിച്ചതെല്ലാം സാധ്യമാകുന്നില്ലെന്ന് താരം ക്ലബ് നേതൃത്വത്തോട് കഴിഞ്ഞ സീസണു ശേഷം തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം എംബാപ്പയെ ടീമിൽ നിലനിർത്താനുള്ള ഊർജ്ജം പകരുന്നതിനായി സമ്മറിൽ നിരവധി വമ്പൻ ട്രാൻസ്ഫറുകൾ പിഎസ്‌ജി നടത്തിക്കഴിഞ്ഞു. സെർജിയോ റാമോസ്, വൈനാൾടം, ഡോണറുമ്മ എന്നീ താരങ്ങളെ സ്വന്തമാക്കിയ പിഎസ്‌ജി കെട്ടുറപ്പുള്ള ഒരു ടീമിനെയാണ് അടുത്ത സീസണിലേക്ക് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റു ക്ലബുകളിലേക്ക് പോകുന്നതിനെക്കുറിച്ച് എംബാപ്പെ പുനര്ചിന്തനം നടത്തുമെന്നതിൽ സംശയമില്ല.

എന്നാൽ റയൽ മാഡ്രിഡിലേക്ക് എംബാപ്പയെ ആകർഷിക്കാൻ സാധ്യതയുള്ളത് ടീമിലെ സൂപ്പർസ്റ്റാർ പദവിയാണ്. നെയ്‌മർ ഉള്ളപ്പോൾ പിഎസ്‌ജിയിൽ അത് സാധ്യമല്ലെങ്കിലും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാൻ തക്കവണ്ണം കരുത്തുള്ള ഒരു ടീമിനെ വിട്ടു പോകാൻ എംബാപ്പെ തയ്യാറായേക്കില്ല. അതുകൊണ്ടു തന്നെ താരം പുതിയ കരാറിന് സമ്മതം മൂളുമെന്നാണ് പിഎസ്‌ജി നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്.

facebooktwitterreddit